രഞ്ജി ട്രോഫി: മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം കേരളത്തിന് മേല്‍ക്കൈ

തിരുവനന്തപുരം: പഞ്ചാബിന് എതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് നേരിയ മുന്‍തൂക്കം. മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം ഉച്ച വരെ മാത്രമാണ് മത്സരം നടന്നത്. കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സെന്ന നിലയിലാണ് പഞ്ചാബ്. അതിഥി താരങ്ങളായ ആദിത്യ സര്‍വതെയുടെയും ജലജ് സക്‌സേനയുടെയും ബൌളിങ് മികവാണ് മത്സരത്തില്‍ കേരളത്തിന് മേല്‍ക്കൈ നല്കിയത്. ആദിത്യ സര്‍വതെ മൂന്നും ജലജ് സക്‌സേന രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. തിരുവനന്തപുരം തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജ് ഗ്രൌണ്ടിലാണ് മത്സരം നടക്കുന്നത്.

പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ അഭയ് ചൌധരിയെ മടക്കി ആദിത്യ സര്‍വതെ മികച്ച തുടക്കമാണ് കേരളത്തിന് നല്‍കിയത്. സര്‍വതെയുടെ പന്തില്‍ സച്ചിന്‍ ബേബി ക്യാച്ചെടുത്താണ് അഭയെ പുറത്താക്കിയത്. വൈകാതെ ഓപ്പണര്‍ നമന്‍ ധിറിനെയും ക്യാപ്റ്റന്‍ പ്രഭ്‌സിമ്രാന്‍ സിങ്ങിനെയും സര്‍വാതെ തന്നെ മടക്കി. 12 റണ്‍സെടുത്ത പ്രഭ്‌സിമ്രാന്‍ ക്ലീന്‍ ബൌള്‍ഡാവുകയായിരുന്നു. നമന്‍ ധിര്‍ 10 റണ്‍സെടുത്തു.

തുടര്‍ന്നെത്തിയ അന്‍മോല്‍പ്രീത് സിങ്ങിനെയും നേഹല്‍ വധേരയെയും ജലജ് സക്‌സേന ക്ലീന്‍ ബൌള്‍ഡാക്കുകയായിരുന്നു. അന്‍മോല്‍പ്രീത് 28ഉം നേഹല്‍ വധേര ഒന്‍പതും റണ്‍സെടുത്തു. തുടര്‍ന്നെത്തിയ ക്രിഷ് ഭഗത്തിന്റെയും രമണ്‍ദീപ് സിങ്ങിന്റെയും ചെറുത്തുനില്പാണ് വലിയൊരു തകര്‍ച്ചയില്‍ നിന്ന് പഞ്ചാബിനെ കരകയറ്റിയത്. മഴയെ തുടര്‍ന്ന് കളി നിര്‍ത്തുമ്പോള്‍ ക്രിഷ് ഭഗത് ആറ് റണ്‍സോടെയും രമണ്‍ദീപ് 28 റണ്‍സോടെയും പുറത്താകാതെ നില്ക്കുകയാണ്.

ഫാസ്റ്റ് ബൌളറായി ബേസില്‍ തമ്പിയെ മാത്രം ഉള്‍പ്പെടുത്തിയാണ് കേരളം ആദ്യ മത്സരത്തിന് ഇറങ്ങിയത്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്ക് പുറമെ രോഹന്‍ കുന്നുമ്മല്‍, ബാബ അപരാജിത്, മൊഹമ്മദ് അസറുദ്ദീന്‍, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍ തുടങ്ങിയവരടങ്ങുന്ന ബാറ്റിങ് നിരയാണ് കേരളത്തിന്റേത്. വത്സല്‍ ഗോവിന്ദ്, അക്ഷയ് ചന്ദ്രന്‍ തുടങ്ങിയവരാണ് പ്ലേയിങ് ഇലവനിലുള്ള മറ്റ് താരങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *