ഊരറിയാന്‍ വിദ്യാര്‍ത്ഥികള്‍; ഗ്രാമീണ ഗോത്ര പഠന സഹവാസ ക്യാമ്പിന് തുടക്കം

പെരിയ: ഊരുജീവിതം നേരിട്ടറിയാന്‍ പഠന ക്യാമ്പുമായി കേരള കേന്ദ്ര സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍. സോഷ്യല്‍ വര്‍ക്ക് വിഭാഗം ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളാണ് ‘ഊരറിവ്’ എന്ന പേരില്‍ കുറ്റിക്കോല്‍ പഞ്ചായത്തില്‍ പത്ത് ദിവസത്തെ ഗോത്ര പഠന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. കെ.സി. ബൈജു യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. വകുപ്പ് അധ്യക്ഷനും ക്യാമ്പ് കോര്‍ഡിനേറ്ററുമായ ഡോ. എം. നാഗലിങ്കം, അധ്യാപകരായ പ്രൊഫ. എ.കെ. മോഹന്‍, രാമാനന്ദ് കോടോത്ത്, ഡോ. റനീഷ്, ഡോ. രാജേന്ദ്ര ബൈക്കാടി, സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍മാരായ ആല്‍ഫ്രഡ് വിന്‍സെന്റ്, ആര്‍ഷ പ്രദീപ് എന്നിവര്‍ സംബന്ധിച്ചു.

കുറ്റിക്കോല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലാണ് വിദ്യാര്‍ത്ഥികള്‍ ക്യാമ്പ് ചെയ്യുന്നത്. ഡിസംബര്‍ ഒന്ന് വരെയുള്ള ക്യാമ്പിന് തുടക്കം കുറിച്ച് ഇന്നലെ വിളംബര ജാഥ നടന്നു. ഊരുകളിലെ ജീവിതങ്ങളും സാമൂഹ്യ സാഹചര്യങ്ങളും മനസിലാക്കുക, സര്‍ക്കാരിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും ഇടപെടലുകളും പ്രവര്‍ത്തനങ്ങളും അറിയുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങള്‍. ബോധവത്കരണ ക്ലാസ്സുകള്‍, കലാ സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവയും സംഘടിപ്പിക്കും. ഔദ്യോഗിക ഉദ്ഘാടനം ഇന്ന് (വ്യാഴാഴ്ച) കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച്. മുരളി നിര്‍വ്വഹിക്കും. വാര്‍ഡ് മെമ്പര്‍ പി. മാധവന്‍, കുറ്റിക്കോല്‍ ഗവ. ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ എ. ഭാസ്‌കരന്‍, പിടിഎ പ്രസിഡണ്ട് പി. സുരേഷ് എന്നിവര്‍ സംസാരിക്കും.

Leave a Reply

Your email address will not be published. Required fields are marked *