ശബരിമല തീര്‍ഥാടനം അട്ടിമറിക്കാന്‍ ശ്രമം
ശബരിമല തീര്‍ത്ഥാടനത്തെ തകര്‍ക്കാന്‍ സിപിഎം സര്‍ക്കാര്‍ ആസൂത്രിതമായ ശ്രമം നടത്തുകയാണെന്ന് മുന്‍കേന്ദ്രമന്ത്രി വി.മുരളീധരന്‍.
ഹിന്ദു തീര്‍ഥാടകരോട് എന്തിനാണ് ഇടതുസര്‍ക്കാര്‍ പ്രതികാര മനോഭാവം വച്ചു പുലര്‍ത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു. ബുക്കിംഗ് എങ്ങനെ വേണം എന്നത് മാത്രം ചര്‍ച്ചയാക്കി മറ്റ് ഒരുക്കങ്ങളിലെ പാളിച്ച മറയ്ക്കുകയാണ് പിണറായി വിജയന്‍ സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.
തീര്‍ഥാടകര്‍ക്ക് വിരിവയ്ക്കാനുള്ള സൗകര്യമോ, കുടിവെള്ളമോ, ശുചിമുറി സംവിധാനങ്ങളോ ഒന്നും തന്നെ സര്‍ക്കാര്‍ ഒരുക്കിയിട്ടില്ല. പ്രളയത്തിന് ശേഷം പമ്പ പുനര്‍നിര്‍മാണം പാതിവഴിയിലാണ്, നിലയ്ക്കലില്‍ അടിസ്ഥാന സൗകര്യങ്ങളില്ല. സുഗമമായ തീര്‍ഥാടനത്തിനുള്ള ഭക്തരുടെ അവകാശം നിഷേധിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
ആചാരലംഘനത്തിന് അവസരമൊരുക്കിയും അടിസ്ഥാന സൗകര്യമൊരുക്കാതെയും മുന്‍കാലത്തെപ്പോലെ തീര്‍ഥാടനം അലങ്കോലപ്പെടുത്തുകയാണ് ലക്ഷ്യം.
ബിജെപി മുതലെടുപ്പ് നടത്തുന്നുവെന്ന് പറയുന്ന സിപിഎം ശബരിമലയിലെ സൗകര്യങ്ങളെക്കുറിച്ച് മിണ്ടുന്നില്ല. അയപ്പഭക്തരും ഹൈന്ദവ സംഘടനകളും നിവേദനം നല്‍കിയിട്ടും നടപടിയുണ്ടായില്ലന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.