സി കെ നായിഡു ക്രിക്കറ്റ് ട്രോഫിയില്‍ ചണ്ഡീഗഢിനെതിരെ കേരളം ശക്തമായ നിലയില്‍. ഷോണ്‍ റോജറുടെ സെഞ്ച്വറിയാണ് കേരള ഇന്നിങ്‌സിന് കരുത്തായത്. ആദ്യ ദിവസം കളി അവസാനിക്കുമ്പോള്‍ കേരളം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സെന്ന നിലയിലാണ്. കളി നിര്‍ത്തുമ്പോള്‍ 135 റണ്‍സോടെ ഷോണ്‍ റോജറും ഒന്‍പത് റണ്‍സോടെ ഏദന്‍ ആപ്പിള്‍ ടോമും ആണ് ക്രീസില്‍.
ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ ആദ്യ മല്‌സരത്തില്‍ ടോസ് നേടിയ കേരളം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്നിങ്‌സ് തുറന്ന ക്യാപ്റ്റന്‍ അഭിഷേക് നായരും റിയ ബഷീറും ചേര്‍ന്ന് കേരളത്തിന് ഭേദപ്പെട്ട തുടക്കമാണ് നല്കിയത്. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 66 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 27 റണ്‍സെടുത്ത റിയ ബഷീറാണ് ആദ്യം മടങ്ങിയത്. തൊട്ടു പിറകെ അഞ്ച് റണ്‍സെടുത്ത ആകര്‍ഷിന്റെയും 41 റണ്‍സെടുത്ത അഭിഷേക് നായരുടെയും വിക്കറ്റുകളും കേരളത്തിന് നഷ്ടമായി.
തുടരെ മൂന്ന് വിക്കറ്റുകള്‍ വീണ് തകര്‍ച്ച മുന്നില്‍ക്കണ്ട കേരളത്തിന് തുണയായത് ഒരറ്റത്ത് ഉറച്ച് നിന്ന ഷോണ്‍ റോജറുടെ ഇന്നിങ്‌സാണ്. ഏറെക്കുറെ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ഷോണ്‍ അനായാസം ഇന്നിങ്‌സ് മുന്നോട്ട് നീക്കി. ചായക്ക് ശേഷം കളി പുനരാരംഭിച്ചയുടന്‍ തന്നെ ഷോണ്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. 11 ഫോറും മൂന്ന് സിക്‌സുമടക്കം 135 റണ്‍സുമായി ഷോണ്‍ പുറത്താകാതെ നില്ക്കുകയാണ്. വരുണ്‍ നായനാരും രോഹന്‍ നായരും കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയെങ്കിലും ഏഴാമനായെത്തിയ ആസിഫ് അലിയുടെ പ്രകടനം ഷോണിന് മികച്ച പിന്തുണയായി. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 166 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 74 റണ്‍സാണ് ആസിഫ് അലി നേടിയത്.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇവ് രാജ് റണൌത്തയാണ് ചണ്ഡീഗഢ് ബൌളിങ് നിരയില്‍ മികച്ച പ്രകടനം കാഴ്ച വച്ചത്. ഹര്‍ഷിത് രണ്ട് വിക്കറ്റ് വീഴ്ത്തി.