സി.കെ നായുഡു ട്രോഫി: വേദിയാകാന്‍ ഒരുങ്ങി വയനാട് കൃഷ്ണഗിരി സ്‌റ്റേഡിയം@ വയനാട്ടില്‍ വീണ്ടും ക്രിക്കറ്റ് മാമാങ്കം

കല്‍പ്പറ്റ: വീണ്ടും ക്രിക്കറ്റ് മാമാങ്കത്തിന് വേദിയാകാന്‍ ഒരുങ്ങി വയനാട് കൃഷ്ണഗിരി സ്‌റ്റേഡിയം. അണ്ടര്‍ 23 കേണല്‍ സി.കെ നായുഡു ട്രോഫിക്കാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്‌റ്റേഡിയം വേദിയാകുന്നത്. ഈ സീസണില്‍ മൂന്ന് മത്സരങ്ങളാണ് ഇവിടെ നടക്കുന്നത്. ആദ്യ മത്സരം ഈ മാസം 20 ന് കേരളവും ഉത്തരാഖണ്ഡും തമ്മിലാണ്. നാല് ദിവസം നീണ്ടു നില്‍ക്കുന്ന മത്സരം 23 ന് അവസാനിക്കും. രണ്ടാം മത്സരത്തില്‍ കേരളം ഒഡീഷയെ നേരിടും. 27ന് ആണ് കേരളം-ഓഡീഷ മത്സരം. മൂന്നാം മത്സരം നവംബര്‍ 15ന് കേരളവും തമിഴ്‌നാടും തമ്മിലാണ്. കെസിഎയുടെ കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ ഈ സീസണില്‍ നടക്കുന്ന ആദ്യ മത്സരമാണ് സി.കെ നായുഡു ട്രോഫി. കേരളത്തിന്റെ മൂന്ന് മത്സരങ്ങളും നടക്കുന്നത് വയനാട്ടിലാണെന്ന പ്രത്യേകതയുമുണ്ട്.
ഹൈദരാബാദില്‍ നടക്കുന്ന മത്സരത്തില്‍ കേരള ടീം മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. 20 മുതല്‍ ഹോംഗ്രൗണ്ടില്‍ ടീമിന് നല്ല പ്രകടനം കാഴ്ച്ചവെക്കാനാകുമെന്നാണ് പ്രതീക്ഷ. അഭിഷേക് ജെ നായരുടെ നേതൃത്വത്തിലാണ് അണ്ടര്‍-23 കേരള ടീം മത്സരത്തിനിറങ്ങുന്നത്. ഇന്ത്യയിലെ രണ്ടാമത്തേതും ദക്ഷിണേന്ത്യയിലെ ആദ്യത്തേതുമായ ഹൈ ആള്‍ട്ടിറ്റൂഡ് സ്‌റ്റേഡിയമാണ് കെസിഎയുടെ കൃഷ്ണഗിരി സ്‌റ്റേഡിയം.

ടീം: അഭിഷേക് ജെ നായര്‍( ക്യാപ്റ്റന്‍), റിയ ബഷീര്‍, ആകര്‍ഷ് കെ കൃഷ്ണമൂര്‍ത്തി. വരുണ്‍ നയനാര്‍, ഷോണ്‍ റോജര്‍, ഗോവിന്ദ് ദേവ് പൈ,ആസിഫ് അലി, അഭിജിത്ത് പ്രവീണ്‍, ജിഷ്ണു എ,അഖില്‍ സത്താര്‍,ഏഥന്‍ ആപ്പിള്‍ ടോം,പവന്‍ രാജ്, അനുരാജ് ജെ.എസ്,കിരണ്‍ സാഗര്‍.ഹെഡ് കോച്ച്-ഷൈന്‍ എസ്.എസ്, അസി. കോച്ച്- ഫ്രാന്‍സിസ് ടിജു, സ്‌ട്രെങ്ത് ആന്‍ഡ് കണ്‍ഡിഷനിങ് കോച്ച്-അഖില്‍ എസ്, ഫിസിയോതെറാപ്പിസ്റ്റ്- വരുണ്‍ എസ്.എസ്.

Leave a Reply

Your email address will not be published. Required fields are marked *