കായംകുളം: കുഴല്‍പ്പണം കേരളത്തിലേക്കെത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ മൂന്നുപേര്‍ പിടിയില്‍. ബംഗളൂരുവില്‍ നിന്നെത്തിയവരാണ് പിടിയിലായത്. കരുനാഗപ്പള്ളി പുലിയൂര്‍ കട്ടപ്പന മന്‍സിലില്‍ നസിം (42), റജീന മന്‍സിലില്‍ നിസാര്‍ (44), റിയാസ് മന്‍സിലില്‍ റമീസ് അഹമ്മദ് (47) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും കായംകുളം പോലീസും ചേര്‍ന്ന് പിടികൂടിയത്. രേഖകളില്ലാത്ത കോടിക്കണക്കിന് രൂപയാണ് ഇവരുടെ കൈയ്യില്‍ നിന്നും പിടിച്ചെടുത്തത്.
പിടിയിലായ മൂന്നുപേരും വിദേശരാജ്യങ്ങളില്‍ ജോലി ചെയ്തവരാണ്. നാട്ടിലെത്തിയശേഷം ഒരുവര്‍ഷമായി ബംഗളൂരു, കോയമ്ബത്തൂര്‍ എന്നിവിടങ്ങളില്‍ നിന്ന് വന്‍തോതില്‍ കള്ളപ്പണം കടത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. നേരത്തേയും ഇവര്‍ കള്ളപ്പണം കടത്തിയിട്ടുണ്ട്. ആര്‍ക്കുവേണ്ടിയാണ് പണമെത്തിച്ചതെന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്.