പാലക്കുന്ന് : കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യക്ഷരം കുറിക്കാന്‍ ക്ഷേത്രങ്ങള്‍ ഒരുങ്ങി. ചൊവ്വാഴ്ച വിജയദശമി നാളില്‍ വിദ്യാസ്വരൂപിണിയായ സരസ്വതിയെ തൊഴുതു വണങ്ങി ആദ്യക്ഷരം കുറിക്കാന്‍ നൂറുകണക്കിന് കുരുന്നുകളുമായി വിശ്വാസികള്‍ രാവിലെ മുതല്‍ തന്നെ ക്ഷേത്രങ്ങളില്‍ എത്തും. ദുര്‍ഗാഷ്ടമി ദിവസമായ ഞായറാഴ്ച പുസ്തകങ്ങളും തൊഴില്‍ ഉപകരണങ്ങളും പൂജയ്ക്ക് വെച്ചു. മഹാനവമി ആയുധപൂജയ്ക്കുള്ള ദിവസമാണ്. മിക്ക ക്ഷേത്രങ്ങളിലും വാഹനപൂജയ്ക്കുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി.
പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം സരസ്വതി സങ്കല്‍പ്പ പ്രതിരൂപം കൂടിയായ പാലക്കുന്നമ്മയുടെ സന്നിധിയിയാണ്. നൂറ് കണക്കണിന് കുഞ്ഞുങ്ങള്‍ ചൊവ്വാഴ്ച ഇവിടെ വിദ്യാരംഭം കുറിക്കാനെത്തും. തുടര്‍ന്ന് കരിപ്പോടി പ്രാദേശിക മാതൃസമിതിയുടെ നേതൃത്വത്തില്‍ തിരുവാതിരകളി അരങ്ങേറും. കാസര്‍കോട് നെല്ലിക്കുന്ന് ടീം ഓറഞ്ചി ആര്‍മിയുടെ പുലിക്കളിയും ഉണ്ടായിരിക്കും. ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ സ്ഥാപനമായ അംബിക കലാകേന്ദ്രത്തില്‍ നൃത്തം, സംഗീതം, ചിത്രരചന, സംഗീതോപകരണങ്ങളായ ഗിത്താര്‍, വയലിന്‍, ഓടക്കുഴല്‍, കീബോര്‍ഡ്, തബല തുടങ്ങിയ കലകളില്‍ ആരംഭം കുറിക്കും. പുതിയ ബാച്ചിലേക്ക് രാവിലെ 8 മുതല്‍ ഭണ്ഡാരവീട്ടില്‍ പ്രവേശനം തുടങ്ങും.
കളനാട് കാളികാ ദേവി ക്ഷേത്രത്തില്‍ തിങ്കളാഴ്ച്ച മാവിളക്ക് ഉത്സവം നടക്കും. രാത്രി 7.30 ന് തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ നിന്ന് കുംഭ കലശ എഴുന്നള്ളത്ത് ഘോഷയാത്ര പാലക്കുന്ന്, ഉദുമ വഴി ക്ഷേത്രത്തില്‍ എത്തും. ചൊവ്വാഴ്ച ക്ഷേത്ര ഭജന സമിതിയുടെ ഭജന. ഉച്ചയ്ക്ക് അന്നദാനം. 3ന് മഹാപൂജയും തുടര്‍ന്ന് പ്രസിദ്ധമായ ബട്ട്‌ളസേവയും . ബുധനാഴ്ച്ച ഉച്ചയ്ക്ക് ഗുളികന്‍ കോലം കെട്ടിയാടും.
മാങ്ങാട് മോലോത്തുങ്കാല്‍ ബാലഗോപാലക്ഷേത്രത്തില്‍ തിങ്കളാഴ്ച്ച രാവിലെ 8.30ന് വാഹനപൂജ.9ന് ലളിതാസഹസ്രനാമ പാരായണം. ഉച്ചയ്ക്ക് അന്നദാനം. 6.45ന് ദേവി മഹാത്മ്യം പ്രഭാഷണം. ചൊവ്വാഴ്ച രാവിലെ 8ന് സരസ്വതി പൂജയ്ക്ക് ശേഷം വിദ്യാരംഭം. തുടര്‍ന്ന് ലളിതാസഹസ്രനാമ പാരായണവും പ്രഭാഷണവും. തിരുവക്കോളി -തിരൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തില്‍ തിങ്കളാഴ്ച്ച 6ന് വാഹനപൂജ. ഉച്ചയ്ക്ക് 12.30 ന് മഹാപൂജയും തുടര്‍ന്ന് ഭജനയും. സന്ധ്യയ്ക്ക് സരസ്വതി പൂജയും ദുര്‍ഗാപൂജയും. ചൊവ്വാഴ്ച 8ന് വിദ്യാരംഭം. ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ തിങ്കളാഴ്ച്ച രാവിലെ വാഹനപൂജ. വൈകീട്ട് 7ന് ഭജന. ചൊവ്വാഴ്ച 8 മുതല്‍ വിദ്യാരംഭം. പനയാല്‍ മഹാലിംഗേശ്വര ക്ഷേത്രത്തില്‍ തിങ്കളാഴ്ച്ച രാവിലെ 6ന് വാഹനപൂജ. വൈകീട്ട് 5ന് മാതൃസമിതിയുടെ നേതൃത്വത്തില്‍ സര്‍വൈശ്വര്യ വിളക്കുപൂജയും ഉണ്ടായിരിക്കും.