പാലക്കുന്ന് : തുലാം പിറന്നതോടെ കോലത്തുനാട്ടിലെ കഴകങ്ങളിലും അനുബന്ധ ക്ഷേത്രങ്ങളിലും കാവുകളിലും തെയ്യാട്ടത്തിന് തുടക്കം കുറിക്കുന്ന പത്താമുദയത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കമായി. നാട്ടുജീവിതത്തിന്റെ തുടിപ്പുകളും താളങ്ങളും തുലാപ്പത്തോടെ തുടക്കമാകുമ്പോള്‍ കോലധാരികള്‍ക്കും വെളിച്ചപ്പാടന്മാര്‍ക്കും ഇനി കളിയാട്ടങ്ങളുടെയും ഒറ്റക്കോല ഉത്സവങ്ങളുടെയും വിശ്രമമില്ലാത്ത നാളുകള്‍. ക്ഷേത്രങ്ങളില്‍ ഇനി ഉത്സവങ്ങള്‍ക്ക് ആരവമുണരും.
പാലക്കുന്ന് കഴകം ഭഗവതിക്ഷേത്രത്തില്‍ പത്താമുദയം ഉത്സവത്തിന്റെ മുന്നോടിയായി തുലാംസംക്രമ നാളായ കന്നി 31ന് (വ്യാഴം) ഭണ്ഡാരവീട്ടില്‍ കുലകൊത്തല്‍ ചടങ്ങ് നടന്നു.കലണ്ടര്‍ അനുസരിച്ച് വടക്കന്‍ കേരളത്തില്‍ ഒരു ദിവസം വൈകിയാണ് തുലാംമാസ പിറവി. പാലക്കുന്ന് ക്ഷേത്രത്തില്‍ കുലകൊത്തി നടത്തുന്ന നാല് ഉത്സവങ്ങളില്‍ ആദ്യത്തേതാണ് പത്താമുദയം. തുലാം ഒമ്പതാം നാളായ 26 ന് രാത്രി ഭണ്ഡാര വീട്ടില്‍ നിന്ന് മേലേ ക്ഷേത്രത്തിലേക്ക് കെട്ടിച്ചുറ്റിയ തെയ്യങ്ങളും തിടമ്പും തിരുവായുധങ്ങളുമായി എഴുന്നള്ളത്ത് പുറപ്പെടുന്നതോടെ ഉത്സവത്തിന് തുടക്കമാകും. 27 ന് നിവേദ്യ സമര്‍പ്പണത്തിന് ശേഷം പത്താമുദയത്തിന്റെ ഭാഗമായി എഴുന്നള്ളത്തും തുടര്‍ന്ന് പുത്തരി സദ്യയും വിളമ്പും. ആയിരങ്ങള്‍ അന്ന് സദ്യയുണ്ണാന്‍ ക്ഷേത്രത്തിലെത്തും.
തിരിച്ചെഴുന്നള്ളത്തോടെ ഉത്സവം സമാപിക്കും.
അച്ചേരിയിലും കളരിക്കാലിലും…
അച്ചേരി മഹാവിഷ്ണു ക്ഷേത്രത്തില്‍ പുത്തരി ഉത്സവം 20 ന് നടക്കും. ഉച്ചയ്ക്ക് ഭക്തര്‍ക്ക് പുത്തരിസദ്യവിളമ്പും. കളരിക്കാല്‍ ഭഗവതി ക്ഷേത്രത്തില്‍ 27 നാണ് പുത്തരി ഉത്സവം. വൈകുന്നേരം 4 ന് തുടങ്ങും.