കാഞ്ഞങ്ങാട് ദേശീയാരാഗ്യ ദൗത്യം കോണ്‍ഫെറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ലോക കാഴ്ച ദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചയാത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ: സരിത എസ്.എന്‍ നിര്‍വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.വി സരസ്വതി അധ്യക്ഷത വഹിച്ചു. ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.രഞ്ജിത്ത് പി, ജില്ലാ ഒഫ്താല്‍മിക്ക് കോര്‍ഡിനേറ്റര്‍ ഇന്‍ ചാര്‍ജ് അഞ്ചു ടി.എന്‍ എന്നീവര്‍ സംസാരിച്ചു.
തുടര്‍ന്ന് ജില്ലയിലെ ആര്‍.ബി.എസ് കെ, അംഗന്‍വാടി പ്രവര്‍ത്തകര്‍ക്കായി നടത്തിയ ബോധവത്ക്കരണ സെമിനാറില്‍ ‘കുട്ടികളിലെ നേത്ര രോഗങ്ങള്‍’ എന്ന വിഷയത്തില്‍ ജില്ലാശുപത്രി നേത്ര രോഗ വിദഗ്ധ ഡോ.അപര്‍ണ, ‘ശിശുക്കളുടെ കാഴ്ച്ചയും കാഴ്ച്ച പരിശോധനയും ‘എന്ന വിഷയത്തില്‍ നീലേശ്വരം താലൂക്കാശുപത്രി ഒപ്ട്രോമെട്രിസ്റ്റ് അജീഷ് കുമാര്‍ എന്നിവര്‍ വിഷയാവതരണം നടത്തി.
ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയാരോഗ്യ ദൗത്യം, ദേശീയ അന്ധത കാഴ്ച വൈകല്യ നിയന്ത്രണ പരിപാടി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി ആനന്ദാശ്രമം റോട്ടറി സ്പെഷ്യല്‍ സ്‌കൂളില്‍ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു.
എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസം രണ്ടാമത്തെ വ്യാഴാഴ്ച ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശ പ്രകാരം അന്ധത, കാഴ്ച്ച സംരക്ഷണം, നേത്ര സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പൊതു അവബോധം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തെ അടിസ്ഥാനമാക്കിയാണ് ആഗോളതലത്തില്‍ ലോക കാഴ്ച ദിനം ആചരിക്കുന്നത്. ‘കുട്ടികളെ നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കൂ’ എന്നതാണ് ഈ വര്‍ഷത്തെ ലോക കാഴ്ച ദിനാചരണത്തിന്റെ സന്ദേശം