സംഘര്‍ഷങ്ങള്‍ക്കിടയിലും ലോകത്തിലെ സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇസ്രയേല്‍ അഞ്ചാമത്

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഫിന്‍ലാന്‍ഡ് ആണ്. ഡെന്മാര്‍ക്ക് ആണ് രണ്ടാം സ്ഥാനത്ത്. ഐസ്ലന്‍ഡ്, സ്വീഡന്‍, എന്നിവയാണ് യഥാക്രമം മൂന്നും നാലും സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ സ്പോണ്‍സര്‍ഷിപ്പോടെയാണ് ഈ പട്ടിക തയ്യാറാക്കുന്നത്.

ഹമാസുമായി അഞ്ചു മാസമാണ് ഇസ്രയേല്‍ യുദ്ധം നടത്തിയത്. ശത്രുരാജ്യങ്ങളുമായി ഇസ്രയേലിന്റെ യുദ്ധം ഇപ്പോഴും തുടരുകയാണ്. എന്നിട്ടും കഴിഞ്ഞദിവസം പുറത്തിറക്കിയ 2024 ലെ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ ഇസ്രയേല്‍ സ്വന്തമാക്കിയത് അഞ്ചാം സ്ഥാനം. 143 രാജ്യങ്ങളില്‍ നിന്നാണ് ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യത്തെ കണ്ടെത്തിയത്.

ഇത്രയധികം യുദ്ധങ്ങളും അക്രമങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും ഇസ്രയേലിന്റെ ദേശീയ മനോവീര്യത്തെ ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എത്ര വലിയ ആക്രമണം ഉണ്ടായാലും അയണ്‍ ഡോമും ഐ ഡി എഫും തങ്ങളെ സംരക്ഷിക്കുമെന്ന് ഇസ്രയേലികള്‍ക്ക് അറിയാം. അതുകൊണ്ടൊക്കെ തന്നെ ഏത് യുദ്ധഭൂമിയിലും ഈ നാട്ടില്‍ സന്തോഷത്തിന്റെ അളവുകോല്‍ താഴുന്നേയില്ല.

അതേസമയം, പട്ടികയില്‍ ആറു മുതല്‍ 10 വരെ സ്ഥാനത്ത് നെതര്‍ലന്‍ഡ്‌സ്, നോര്‍വേ, ലക്‌സംബര്‍ഗ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ്. സന്തോഷത്തിന്റെ കാര്യത്തില്‍ ഏറ്റവും ഉയര്‍ന്ന റാങ്കിങ്ങിലുള്ള രാജ്യങ്ങള്‍ മിക്കതും യൂറോപ്യന്‍ രാജ്യങ്ങളാണ് എന്നതും ശ്രദ്ധേയമാണ്. ശക്തമായ സാമൂഹ്യസംവിധാനവും ഗുണനിലവാരമുള്ള ആരോഗ്യപരിപാലനവും ഇവിടുത്തെ പ്രത്യേകതയാണ്. കൂടാതെ, തൊഴില്‍ – ജീവിത സന്തുലിതാവസ്ഥയ്ക്കും ഈ രാജ്യങ്ങള്‍ പ്രാധാന്യം നല്‍കുന്നു.

ഓരോ രാജ്യങ്ങളുടെയും ഹാപ്പിനസ് സ്‌കോര്‍ ഇങ്ങനെയാണ്.

ഫിന്‍ലന്‍ഡ്: 7.741
ഡെന്‍മാര്‍ക്ക്: 7.583
ഐസ്ലാന്‍ഡ്: 7.525
സ്വീഡന്‍: 7.344
ഇസ്രായേല്‍: 7.341
നെതര്‍ലാന്‍ഡ്‌സ്: 7.341
നോര്‍വേ: 7.302
ലക്‌സംബര്‍ഗ്: 7.122
സ്വിറ്റ്‌സര്‍ലന്‍ഡ്: 7.060
ഓസ്‌ട്രേലിയ: 7.057

Leave a Reply

Your email address will not be published. Required fields are marked *