പാലക്കുന്ന് : അതിരാവിലെ അതിഥിയായെത്തിയ അപൂര്‍വ ഇനത്തില്‍ പെട്ട ശലഭം വീട്ടുകാര്‍ക്ക് കൗതുക കാഴ്ചയായി. പള്ളം തെക്കേക്കരയിലെ മുന്‍ പ്രവാസിയും പാലക്കുന്ന് ക്ഷേത്ര ഭരണ സമിതി മുന്‍ വൈസ് പ്രസിഡന്റുമായ ടി. രാമന്റെ ‘സൗപര്‍ണിക’യിലെ പറമ്പിലാണ് പുലര്‍ച്ചെ ഈ അതിഥിയെ കണ്ടത്. തേക്ക് മരത്തിലെ ഇലയില്‍ അപൂര്‍വ ജീവിയെ കണ്ട് വീട്ടുകാര്‍ ആദ്യം ഞെട്ടിയെങ്കിലും പിന്നീട് ഇത് ശലഭമാണെന്ന് അറിഞ്ഞതോടെ കൗതുകമായി. ഈ ശലഭത്തിന് 25 സെന്റീമീറ്റര്‍ നീളമുണ്ട്. അറ്റ്‌ലസ് മോത്ത് എന്ന് പേരുള്ള നിശാശലഭമാണിതെന്ന് ഉദുമ കൃഷി ഓഫീസര്‍ കെ. നാണുകുട്ടന്‍ പറഞ്ഞു. രാത്രിയില്‍ മാത്രം പറന്ന് കളിക്കുന്നതിനാല്‍ നിശാശലഭം എന്നും ചിറകിന്റെ അറ്റത്ത് സര്‍പ്പത്തിന്റെ തലയുടെ സാമ്യമുള്ളതിനാല്‍ നാഗശലഭമെന്നും ഇത് അറിയപ്പെടുന്നു. ഭക്ഷണം കഴിക്കാത്ത ഈ ശലഭം രണ്ടാഴ്ചയില്‍ കൂടുതല്‍ ജീവിച്ചിരിക്കില്ലത്രെ. ആരേയും ഉപദ്രപിക്കുകയോ ചെടികള്‍ക്ക് നാശനഷ്ടങ്ങളൊ വരുത്തില്ല. മുന്‍പും ചില ഇടങ്ങളില്‍ ഈ ശലഭത്തെ അപൂര്‍വമായി കണ്ടിരുന്നതായി അറിയുന്നു.