മധൂര്‍ വില്ലേജിലെ ഷിരിബാഗിലു കൊറഗ നഗറില്‍ 22 കുടുംബങ്ങള്‍ക്ക് പട്ടയമായി. 100 വര്‍ഷത്തിലധികമായി താമസിച്ചു വരുന്ന ഭൂമിയാണ് പട്ടയമേലയിലൂടെ സ്വന്തമായിരിക്കുന്നത്. ഭൂരിഭാഗം പേരും കൂലിപ്പണിയും കൊട്ടമെടയലുമായി ഉപജീവന മാര്‍ഗ്ഗം തേടുമ്പോള്‍ ഇവരുടെ പുതു തലമുറ ഉന്നത വിദ്യാഭ്യാസം നേടി വ്യത്യസ്ത തൊഴില്‍ മേഖലകള്‍ തെരഞ്ഞടുക്കുന്നുണ്ട്. ലാന്റ് ട്രിബ്യൂണല്‍ പട്ടയമാണ് ഇവര്‍ക്ക് ലഭിച്ചത്. എം.എസ്.ഡബ്ല്യൂ, ബി.എഡ് പഠനം നടത്തുന്നവര്‍ തങ്ങളുടെ നഗറിലുണ്ടെന്ന് 43 കാരനായ സഞ്ജീവ പുളിക്കൂര്‍ പറഞ്ഞു.
പ്രാക്തന ഗോത്രവര്‍ഗ്ഗത്തില്‍ ഉള്‍പ്പെട്ട കൊറഗ വിഭാഗക്കാര്‍ ഷിരിബാഗിലു കൊറഗ നഗറില്‍ കാലങ്ങളായി താമസിച്ചു വരികയാണെങ്കിലും പട്ടയ മേളയില്‍ ഭൂമി സ്വന്തമായി പതിച്ച് ലഭിച്ചതില്‍ തങ്ങള്‍ തികഞ്ഞ സന്തോഷത്തിലാണെന്നും സര്‍ക്കാരിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും സഞ്ജീവ പറഞ്ഞു.