പാലക്കുന്ന് : തെയ്യാട്ടങ്ങള്‍ക്ക് തുടക്കമിട്ട് വടക്കന്‍ കേരളത്തില്‍ ക്ഷേത്രങ്ങളിലും കാവുകളിലും പത്താമുദയം സമാപിച്ചു.
പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ തുലാപത്തിനോടനുബന്ധിച്ച പത്താമുദയോത്സവം സമാപിച്ചു. ശനിയാഴ്ച രാത്രി ഭണ്ഡാരവീട്ടില്‍ നിന്ന് എഴുന്നളത്ത് ക്ഷേത്രത്തില്‍ എത്തിയശേഷം ചടങ്ങുകള്‍ ആരംഭിച്ചു.
ഞായറാഴ്ച രാവിലെ കലശാട്ട് കൊടിയില വെക്കല്‍, നിവേദ്യ സമര്‍പ്പണം നടന്നു. പത്താമുദയ എഴുന്നള്ളത്തിന്റെ ഭാഗമായി കെട്ടിച്ചുറ്റിയ നര്‍ത്തകന്മാരുടെ ‘കാലാംഗം’ കാണാന്‍ വിശ്വാസികള്‍ ക്ഷേത്രത്തിലെത്തി. ചിങ്ങം പിറന്നശേഷം കുലകൊത്തി നടത്തുന്ന നാല് ഉത്സവങ്ങളില്‍ ആദ്യത്തെതാണിത്. വൈകീട്ട് തിരിച്ചെഴുന്നള്ളത്തോടെ ഉത്സവം സമാപിച്ചു. ക്ഷേത്രം വക തൃക്കണ്ണാടപ്പനുള്ള ‘വലിയ വഴിപാട്’ വെള്ളിയാഴ്ച്ച സമര്‍പ്പിക്കും . കഴക പരിധിയിലെ വീടുകളില്‍ നിന്ന് അതത് തറയിലച്ചന്മാര്‍ പുത്തരിനെല്ല് സംഭരിച്ചാണ് വഴിപാട് നടത്തിവരുന്നത്.
പുത്തരിസദ്യയില്‍ പങ്കെടുത്തത് 7000 പേര്‍
പത്താമുദയ പുത്തരി സദ്യയുണ്ണാന്‍ വന്‍തിരക്കായിരുന്നു ക്ഷേത്രത്തില്‍.
ആചാരത്തിന്റെ ഭാഗമായി ചക്കരച്ചോറും വിളമ്പി. ഏഴായിരത്തോളം പേര്‍ പുത്തരിസദ്യയില്‍ പങ്കെടുക്കാനെത്തിയത് ആദ്യ അനുഭവമാണെന്ന് ഭരണ സമിതി പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണന്‍ പറഞ്ഞു. ക്ഷേത്രം സ്ഥിതിചെയ്യുന്ന കരിപ്പോടി പ്രാദേശിക സമിതിയുടെ നേതൃത്വത്തിലാണ് സദ്യയൊരുക്കിയതും വിളമ്പിയതും.
ക്ഷേത്രത്തില്‍ നേര്‍ച്ചയുടെ ഭാഗമായുള്ള ‘അടിച്ചുതളി സമാരാധന’ പതിവ് പോലെ ചൊവ്വാഴ്ചകളില്‍ തുടരുമെങ്കിലും അടുത്ത ‘കൂട്ടംഅടിയന്തിരം’ നവംബര്‍ 8 നായിരിക്കും നടക്കുക. അന്നദാനം പ്രസാദമായി നല്‍കുന്ന നേര്‍ച്ചാ സമര്‍പ്പണങ്ങളാണ് കൂട്ടവും അടിച്ചുതളിയും.