പ്രിയങ്കയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു

കല്‍പ്പറ്റ: വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നേരത്തെ പ്രിയങ്ക ഗാന്ധിയുടെ സ്വത്തുവിവരങ്ങളില്‍ വ്യക്തത കുറവുണ്ടെന്ന് ആരോപിച്ച് ബിജെപി രംഗത്ത് വന്നിരുന്നു. പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയുടെ സ്വത്തുവിവരങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നായിരുന്നു ആരോപണം. നാമനിര്‍ദേശ പത്രിക തള്ളണമെന്നും ബിജെപി ആരോപിച്ചിരുന്നു. ബിജെപിയുടെ എതിര്‍പ്പ് തള്ളിയാണ് നാമനിര്‍ദേശ പത്രിക സ്വീകരിച്ചത്.

ഭര്‍ത്താവ് റോബര്‍ട്ട് വാധ്രക്കും തനിക്കും കൂടി 78 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ പ്രിയങ്ക വ്യക്തമാക്കിയത്. 12 കോടിയാണ് ഇതില്‍ പ്രിയങ്കയുടെ ആസ്തി. 65.55 കോടി രൂപയാണ് വാധ്രയുടെ ആസ്തിയായി പ്രിയങ്കയുടെ നാമനിര്‍ദേശ പത്രികയിലുള്ളത്. എന്നാല്‍ 2010 -21 കാലയളവില്‍ ആദായനികുതി വകുപ്പ് വാധ്രയ്ക്ക് 80 കോടി രൂപയോളം നികുതി ചുമത്തിയിട്ടുണ്ട്. അതില്‍ 2019-20ല്‍മാത്രം 24.16 കോടിയാണ് നികുതി ചുമത്തിയത്.

അതേസമയം, രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രിയങ്ക വയനാട്ടിലെത്തി. ഹെലികോപ്റ്റര്‍ മാര്‍ഗം നീലഗിരി കോളേജ് ഗ്രൗണ്ടിലാണ് പ്രിയങ്ക ഗാന്ധി എത്തിയത്. വന്‍വരവേല്‍പ്പോട് കൂടിയാണ് നേതാക്കള്‍ പ്രിയങ്കയെ സ്വീകരിച്ചത്. പ്രിയങ്കയ്‌ക്കൊപ്പം ഡല്‍ഹിയില്‍ നിന്നുള്ള മറ്റ് നേതാക്കള്‍ ആരുമുണ്ടായിരുന്നില്ല.

ഇന്നും നാളേയുമായി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രിയങ്ക ഉണ്ടാവും. രണ്ട് ദിവസങ്ങളില്‍ ഏഴിടങ്ങളിലാണ് പ്രചാരണം നടക്കുന്നത്. സുല്‍ത്താന്‍ ബത്തേരി മീനങ്ങാടിയില്‍ നിന്നാണ് ആദ്യസമ്മേളനം തുടങ്ങുന്നത്. വിദ്യാര്‍ത്ഥികളുമായി സംസാരിച്ച ശേഷമാണ് പിന്നീട് പ്രിയങ്ക നീലഗിരി കോളേജില്‍ നിന്നും മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *