15 വര്‍ഷത്തിനകം കേരളം വിജ്ഞാന വ്യവസായത്തിന്റെ ഹബ്ബായി മാറുമെന്ന് നിയമ വ്യവസായ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. അനന്തപുരം വ്യവസായ പാര്‍ക്കില്‍ ഏഴ് സംരംഭങ്ങളുടെ ഉദ്ഘാടനവും ആറ് സംരംഭങ്ങളുടെ ശിലാസ്ഥാപന കര്‍മ്മവും നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. പഠനത്തോടൊപ്പം ജോലിയും എന്ന ആശയവുമായി മുന്നോട്ട് പോവുകയാണ് സര്‍ക്കാറെന്നും ഇത് നമ്മുടെ വിദ്യാഭ്യാസ – വ്യവസായ മേഖലയില്‍ പുതിയ കാല്‍വെപ്പാണെന്നും അഞ്ച് ഏക്കറില്‍ കൂടുതല്‍ ഭൂമിയുള്ള ക്യാമ്പസുകളില്‍ ക്യാമ്പസ് ഇന്റസ്ട്രിയല്‍ പാര്‍ക്കുകല്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ വ്യവസായ സൗഹൃദ അന്തരീക്ഷം രൂപപ്പെട്ട് കഴിഞ്ഞു, ഇനി കുതിപ്പിന്റെ കാലമാണ്. സങ്കീര്‍ണമായ നിയങ്ങള്‍ ലഘൂകരിച്ച് വ്യവസായ എസ്റ്റേറ്റുകളില്‍ ലഭ്യമായ മുഴുവന്‍ ഭൂമിയിലും വ്യവസായങ്ങള്‍ കൊണ്ടുവരും. ഇത് നമ്മുടെ സംരംഭകര്‍ക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കിയത്. സംരംഭകരിലെ ആ ആത്മ വിസ്വാസത്തിലൂടെ കേരളത്തിന് ഒരു കാലത്തും എത്തിപ്പിടിക്കാന്‍ സാധിക്കില്ലെന്ന് ധരിച്ചു വെച്ചിരുന്ന നേട്ടം നാം കൈവരിച്ചു. ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ് റാങ്കിങ്ങില്‍ കേരളം ഒന്നാമതായി എത്തിയത് സംരംഭകര്‍ കേരളത്തില്‍ വെച്ച വിശ്വാസത്തിലാണ്. കേരളം മുഴുവന്‍ സഞ്ചരിച്ച് വ്യവസായികളുമായി നടത്തിയ ചര്‍ച്ചയിലൂടെയും അവര്‍ അവതരിപ്പിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സര്‍ക്കാര്‍ മുന്നില്‍ നിന്നതിനാലാണ് നമുക്ക് ഈ നേട്ടം സാധ്യമായത്. കേരളത്തിന് ഇനി കുതിച്ചുയരാനുള്ള കാലമാണ്.
വ്യവസായ വകുപ്പിന്റെ ഉദ്യോഗസ്ഥരെല്ലാം കൃത്യമായ ടാര്‍ജറ്റുകളോടെ പ്രവര്‍ത്തിക്കുകയാണ്. ഇതര സംസ്ഥാന സംരഭകര്‍ക്ക് കേരളത്തോട് പ്രിയമാണെന്നും കൂടുതല്‍ സര്‍ക്കാര്‍ ഭൂമിയുള്ള കാസര്‍കോടിനും ഇത് വലിയ അവസരമാണെന്നും മന്ത്രി പറഞ്ഞു. കാസര്‍കോട് നിക്ഷേപം നടത്താന്‍ താല്‍പര്യപ്പെട്ട് വരുന്ന സംരംഭകരുടെ എണ്ണം കൂടി വരുന്നുണ്ട്. സംരംഭകരെയും നിക്ഷേപകരെയും ആകര്‍ഷിക്കുന്നതിന് ജില്ലാ പഞ്ചായത്തും വ്യവസായ കേന്ദ്രവും ചേര്‍ന്ന് നടത്തിയ റൈസിങ് കാസര്‍കോട് വലിയ മാതൃകയാണ്. സംസ്ഥാനത്ത് ആദ്യമായി നിക്ഷേപക സംഗമം നടത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ മന്ത്രി അഭിനന്ദിച്ചു. ചുരുങ്ങിയ കാലത്തിനുള്ളില്‍ 82 ഇടത്തരം സംരംഭങ്ങള്‍ കാസര്‍കോട് ജില്ലയില്‍ ആരംഭിച്ചു കഴിഞ്ഞു. 1000 കോടി രൂപയുടെ നിക്ഷേപമാണ് കാസര്‍കോട് ഉണ്ടായത്. ഇവിടെ ഉദ്ഘാടനം ചെയ്തതും തറ ക്കല്ലിട്ടതുമായ സംരംഭളിലൂടെ 300 കോടിയുടെ നിക്ഷേപം ജില്ലയില്‍ എത്തുന്നു. കൂടുതല്‍ സര്‍ക്കാര്‍ ഭൂമി ലഭ്യമായ കാസര്‍കോടിന് ഇനി സാധ്യതയുടെ കാലമാണെന്നും മന്ത്രി പറഞ്ഞു. മടിക്കൈ വ്യവസായ പാര്‍ക്കിലെ 80 ഏക്കര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ ഡിസംബര്‍ 31 നകം ഒഴിഞ്ഞ് കിടക്കാതെ സംരംഭങ്ങള്‍ക്കായി തുറന്ന് കൊടുക്കും. ചീമേനി ഐ.ടി പാര്‍ക്കിന്റെ 100 ഏക്കര്‍ ഭൂമി അടുത്ത രണ്ട് മാസത്തിനകം വ്യവസായ വകുപ്പിന് ലഭിക്കും, ശേഷം കൂടുതല്‍ നിക്ഷേപകരെ ഇവിടേക്ക് ആകര്‍ഷിക്കും. നേരത്തെ കാസര്‍കോട്, ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകള്‍ വ്യവസായ അന്തരീക്ഷം ഇല്ലെന്ന ധാരണയുണ്ടായിരുന്നു. ഇന്ന് ഇവിടങ്ങളില്‍ നിക്ഷേപകര്‍ കൂടുതലായെത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അഭ്യസ്ഥവിദ്യരായ വീട്ടമ്മമാര്‍ കൂടുതലുള്ള കേരളത്തില്‍ അവരെ കൂടുതല്‍ നൈപുണികള്‍ പരിശീലിപ്പിച്ച് സംരംഭങ്ങളിലേക്ക് തിരിച്ചുവിടാനുള്ള പരിശ്രമത്തിലാണ് വ്യവസായ വകുപ്പ്. വീടുകളിലും സംരഭങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. ബി.കോം, ബി.സി.എ പോലുള്ള കോഴ്‌സുകള്‍ പാസായി വീടകങ്ങളില്‍ കഴിയുന്നവര്‍ക്ക് വീടുകളില്‍ നിന്ന് തന്നെ സമ്പാദിക്കാനുതകുന്ന പ്രവര്‍ത്തനങ്ങളാണിത്. ലൈസന്‍സ് നല്‍കുന്നതിനുള്ള നിയമങ്ങളും ലഘൂകരിച്ചു. വിവിധ ലൈസന്‍സുകള്‍ ഒന്നിച്ച് നല്‍കുതിനും മൂന്ന് വര്‍ഷവും ആറ് മാസവും വരെ പ്രിന്‍സിപ്പല്‍ അപ്രൂവല്‍ മാത്രം ഉപയോഗിച്ച് സംരംഭങ്ങള്‍ നടത്താവുന്നതാണെന്നും മന്ത്രി പറഞ്ഞു. കൊച്ചിയില്‍ ഫെബ്രുവരി 21,22 തീയ്യതികളില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് വ്യവസായ മേഖലയില്‍ വലിയ മാറ്റം കൊണ്ടുവരും.
ചടങ്ങില്‍ ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ് റാങ്കിങ്ങില്‍ കേരളം ഒന്നാമത് എത്തിയതിന്റെ സന്തോഷം മന്ത്രി പി. രാജീവ് കേക്ക് മുറിച്ച് ആഘോഷിച്ചു. ജില്ലയിലെ ആദ്യ സ്വകാര്യ വ്യവസായ എസ്റ്റേറ്റിനുള്ള അനുമതി പത്രം മന്ത്രി ഹയ ഗ്രൂപ്പിന് കൈമാറി. ചടങ്ങില്‍ എ.കെ.എം അഷറഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പിള്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ വിശിഷ്ടാതിഥിയായി. വ്യവസായ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജി. രാജീവ്, പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് സുബ്ബണ്ണ ആള്‍വ, എ.ഐ.ഡി.എ പ്രസിഡന്റ് രത്‌നാകരന്‍ മാവി, കെ.സി.സി.പി.എല്‍ മാനേജിങ് ഡയറക്ടര്‍ ആനക്കൈ ബാലകൃഷ്ണന്‍, എന്‍.എം.സി.സി ചെയര്‍മാന്‍ എ.കെ ശ്യാം പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത്ത് കുമാര്‍ സ്വാഗതവും എ.ഐ.ഡി.എ പ്രതിനിധി പി.എ നിഷാദ് നന്ദിയും പറഞ്ഞു.