സംസ്ഥാനത്തെ റേഷന്‍ കടകള്‍ മുഖാന്തരം ഇനി കുറഞ്ഞ നിരക്കില്‍ കുപ്പിവെള്ളം ലഭ്യമാക്കും. ഒരു ലിറ്റര്‍ വെള്ളത്തിന് 10 രൂപ നിരക്കിലാണ് റേഷന്‍ കടകള്‍ മുഖാന്തരം കുപ്പിവെള്ളം വാങ്ങാന്‍ സാധിക്കുക. റേഷന്‍ വാങ്ങാന്‍ പോകുന്നവര്‍ക്കും, വഴിപോക്കര്‍ക്കും റേഷന്‍ കടകളില്‍ നിന്നും കുപ്പിവെള്ളം വാങ്ങാവുന്നതാണ്. പൊതുവിപണിയില്‍ ഒരു ലിറ്റര്‍ കുപ്പി വെള്ളം 20 രൂപയ്ക്ക് വില്‍ക്കുമ്‌ബോഴാണ്, റേഷന്‍ കടകള്‍ മുഖാന്തരം നേര്‍പകുതി വിലയ്ക്ക് കുടിവെള്ളം ലഭ്യമാക്കുന്നത്. ‘ഹില്ലി അക്വാ’ എന്ന പേരിലുള്ള കുപ്പിവെള്ളമാണ് റേഷന്‍ കടകള്‍ വഴി വില്‍ക്കുക.
ജലസേചന വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ് ഗുണമേന്മയുള്ള ഹില്ലി അക്വാ കുപ്പിവെള്ളം ഉല്‍പ്പാദിപ്പിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ശബരിമല സീസണ്‍ കണക്കിലെടുത്ത്, കോട്ടയം, ഇടുക്കി, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലെ റേഷന്‍ കടകളിലാണ് സ്റ്റോക്ക് എത്തിക്കുക. എട്ട് രൂപയ്ക്കാണ് വ്യാപാരികള്‍ക്ക് കുപ്പിവെള്ളം ലഭിക്കുക. ഇവ 10 രൂപയ്ക്ക് വില്‍ക്കുന്നതോടെ 2 രൂപ കമ്മീഷനായി ലഭിക്കും. ഘട്ടം ഘട്ടമായി സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകള്‍ വഴിയും കുപ്പിവെള്ളം വിതരണം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.