ചൈനയില്‍ ശ്വാസകോശത്തെ ബാധിക്കുന്ന അജ്ഞാത രോഗം അതിവേഗത്തില്‍ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍, രാജ്യത്തെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. വടക്കന്‍ ചൈനയിലെ കുട്ടികളിലാണ് അപൂര്‍വ്വയിനം ന്യൂമോണിയ കൂടുതലായും കണ്ടെത്തിയിരിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് കൂടി കണക്കിലെടുത്ത്, രാജ്യത്തെ സാഹചര്യം കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ട്. ചൈനയിലെ സ്ഥിതി നിരന്തരം നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പൊതുജനാരോഗ്യ സംവിധാനവും, ആശുപത്രികളുടെ തയ്യാറെടുപ്പും അടിയന്തരമായി വിലയിരുത്താന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഈ വര്‍ഷം ആദ്യവാരം കോവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുതുക്കിയിരുന്നു. അവയില്‍ ശ്വാസകോശ രോഗ ലക്ഷണങ്ങളുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഉടന്‍ നടപ്പാക്കണം. കുട്ടികളിലും കൗമാരക്കാരിലും തീവ്ര ശ്വാസകോശ രോഗങ്ങള്‍ കൂടുതലാണോ എന്ന് ജില്ലാ, സംസ്ഥാന യൂണിറ്റുകള്‍ നിരന്തരം നിരീക്ഷിക്കണം. ലക്ഷണങ്ങള്‍ പ്രകടമാക്കുകയാണെങ്കില്‍ രോഗികളുടെ സാംപിളുകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.