പാലക്കുന്നില്‍ കുട്ടി
എല്ലാവര്‍ക്കും ഒരുമിച്ച് കൂടാന്‍ അവസരം കിട്ടാത്ത ഒരു വിഭാഗമാണ് കച്ചവട കപ്പലുകളില്‍ ജോലി ചെയ്യുന്ന നാവികര്‍. കപ്പല്‍ ജീവനക്കാരുടെ ഈ ദൗര്‍ബല്യത്തെ ചൂഷണം ചെയ്യുന്ന ചില ‘സംരക്ഷകന്മാര്‍’ അവരുടെ ജീവിതം മെച്ചപ്പെടുത്തി ഭദ്രമാക്കിയിട്ടുണ്ടെങ്കിലും ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താന്‍ അവരാരും ഇതുവരെ ശ്രമിച്ചു കാണുന്നില്ല. അത് പറയുമ്പോഴാണ് കപ്പലോട്ടക്കാരുടെ രക്ഷകനായ ക്യാപ്റ്റന്‍ വി. മനോജ് ജോയ് എന്ന നാവികന്റെ നാള്‍ വഴി സൂചനകള്‍ ഈ കുറിപ്പിന് പ്രസക്തമാകുന്നത്. ലക്ഷങ്ങള്‍ വേതനം കിട്ടുന്ന ജോലി ഉപേക്ഷിച്ച് താന്‍ ജോലി ചെയ്ത വിഭാഗത്തിലെ ജീവനക്കാരുടെ സുരക്ഷയും ക്ഷേമവും ലക്ഷ്യമിട്ട് അവരെ സംരക്ഷിക്കാനുള്ള ദൗത്യവുമായി രക്ഷകന്റെ വേഷത്തില്‍ തന്റെ ജീവിതം തന്നെ അതിനായി ഉഴിഞ്ഞു വെച്ച കഥയാണ് തിരുവനന്തപുരത്തുകാരനായ ക്യാപ്റ്റന്‍ വി. മനോജ് ജോയിയുടേത്. അദ്ദേഹത്തിന്റെ സേവനങ്ങള്‍ ജില്ലയിലെ കപ്പലോട്ടക്കാര്‍ അറിയാതെ പോകരുത് എന്ന ഉദ്ദേശത്തോടെയാണ് ഈ കുറിപ്പ് എഴുതുന്നത് . കപ്പല്‍ ജീവനക്കാര്‍ ഏറെയുള്ള ഇടമാണല്ലോ നമ്മുടെ ജില്ല. അതുകൊണ്ട് തന്നെ കാസര്‍കോടിനോട് അദ്ദേഹത്തിന് വല്ലാത്തൊരു ഇഷ്ടവുമാണ്.
ലക്ഷങ്ങള്‍ കിട്ടുന്ന ജോലി വിട്ട് സേവനത്തിലേക്ക്
18 വര്‍ഷമേ കപ്പലില്‍ ജോലി ചെയ്തുള്ളൂ. ഇക്കാലമത്രയും നാവികരുടെ കടലിലെ കപ്പല്‍ ജീവിതവും കരയിലെ കുടുംബ ജീവിതവും നേരിട്ട് മനസിലാക്കിയ വ്യക്തി. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും വാലാവാതെ കപ്പലോട്ടക്കാരന്റെ ക്ഷേമമാണ് തന്റെ രാഷ്ട്രീയമെന്ന് ഉറക്കെ പറയുന്ന അസാധാരണ വ്യക്തിത്വത്തിനുടമ. കപ്പലോട്ടക്കാരന്റെ സങ്കടവും സന്തോഷവും പങ്കുവെക്കാന്‍ മറ്റൊരു കപ്പലോട്ടക്കാരനു മാത്രമേ സാധിക്കുകയുള്ളൂ എന്ന് മനസിലാക്കിയ ക്യാപ്റ്റന്‍ മനോജ് ജോയ്
അതിനായുള്ള ലക്ഷ്യത്തോടെ കടലില്‍ നിന്ന് കരയിലേക്ക് ചേക്കേറുകയായിരുന്നു. കപ്പിത്താന്റെ ജോലി ഉപേക്ഷിച്ച് ജീവനക്കാരുടെ ക്ഷേമ പ്രവര്‍ത്തനം മാത്രം ലക്ഷ്യമിട്ട് രണ്ട് പതിറ്റാണ്ടിലേറെയായി അവരുടെ രക്ഷകനായി രാപ്പകല്‍ ഭേദമില്ലാതെ സേവന ദൗത്യം അദ്ദേഹം സ്വയം ഏറ്റെടുത്തു. വിവിധ സ്വദേശ, വിദേശ തുറമുഖ പട്ടണങ്ങളില്‍ യാത്രയുടെ തിരക്കിലാണ് അദ്ദേഹം. കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ് പ്രസിഡന്റ് എന്നനിലയില്‍ അവസാനമായി വിളിച്ചപ്പോള്‍ അദ്ദേഹം യു.കെ.യില്‍ ആയിരുന്നു. ക്ലബ്ബില്‍ മുന്‍കൂട്ടി നിശ്ചയിച്ച ഒരു സെമിനാറില്‍ പങ്കെടുക്കേണ്ട വിഷയവുമായി സംസാരിക്കാനായിരുന്നു വിളിച്ചത്. നവംബര്‍ 6 ന് ‘സിമെന്‍സ് യൂണിറ്റി ഡേ’
പരിപാടിയില്‍ ബോധവത്കരണ ക്ലാസെടുക്കാനായി അദ്ദേഹം യു.കെ. യില്‍ നിന്ന് കാസര്‍കോട് എത്തും.
സൈലേഴ്‌സ് സൊസൈറ്റി
യു. കെ.യിലെ സതാംപ്ട്ടന്‍ ആസ്ഥാനമായി മര്‍ച്ചന്റ് നേവി ജീവനക്കാരുടെ സുഖക്ഷേമ പ്രവര്‍ത്തനം മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് സൈലേഴ്‌സ് സൊസൈറ്റി. അതിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ തലവനാണ് അദ്ദേഹം. ഇന്ത്യയില്‍ സൈലേഴ്‌സ് സൊസൈറ്റിയുടെ ഒറ്റയാള്‍ പട്ടാളമായി ഭാരിച്ച ചുമതലകളുമായി വിശ്രമമില്ലാത്ത പോരാട്ടവീര്യത്തോടെ ഇടംവലം നോക്കാതെയുള്ള ജീവിതവുമായി അദ്ദേഹം പൊരുത്തപ്പെട്ടു കഴിഞ്ഞു. ചെന്നൈ ആസ്ഥാനമായാണ് അദ്ദേഹത്തിന്റെ ഇന്ത്യയിലെ പ്രവര്‍ത്തന മേഖല.
കാസര്‍കോടിലേക്കുള്ള നാള്‍വഴി
തന്റെ പ്രവര്‍ത്തനം ഏറെ കപ്പലോട്ട ജീവനക്കാരുള്ള കേരളത്തിലേക്ക് വ്യാപിക്കണമെന്ന് അദ്ദേഹത്തിന്റെ സുഹൃത്തായ ആംഗ്ലോ ഈസ്റ്റന്‍ ഷിപ്പിങ് മാനേജ്‌മെന്റ് കമ്പനിയുടെ ചെന്നൈ റീജിനല്‍ ജനറല്‍ മാനേജറും ആ കമ്പനിയുടെ കരിയര്‍ കെയര്‍ ഗ്ലോബല്‍ തലവനുമായ (Global Head of Anglo Eastern Career Care) മലയാളിയായ വിനീത് ഒ. പാമ്പനുമായി അദ്ദേഹം സംസാരിച്ചു . ഈ ലേഖകനുമായുള്ള വിനീത് ഒ. പാമ്പന്റെ സൗഹൃദമാണ് മനോജ് ജോയിയെ കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബിലെത്തിച്ച നാള്‍ വഴി ചരിത്രത്തിന്റെ തുടക്കം. രാജ്യത്ത് സ്വന്തമായി കെട്ടിടവും കാര്യാലയവുമുള്ള ഏറെ സുതാര്യതയോടെ സുദൃഢവുമായി കപ്പലോട്ടക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന ജില്ലയിലെ മര്‍ച്ചന്റ് നേവി ക്ലബ്ബില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം എത്തിയത് ആ വഴിയിലൂടെ ആയിരുന്നു. രാജ്യത്തിലെ ഒട്ടേറെ തുറമുഖ പട്ടണങ്ങളിലും കേരളത്തിലെ മറ്റിടങ്ങളിലും പ്രവര്‍ത്തിക്കുന്ന മര്‍ച്ചന്റ്‌നേവി ക്ലബ്ബുകളും സന്ദര്‍ശിച്ച അദ്ദേഹം ഒറ്റ വാക്കില്‍ പറയുന്നു- കാസര്‍കോട്ടെയും (കോട്ടിക്കുളം) ഗോവയിലെയും ക്ലബ്ബുകളുടെ പ്രവര്‍ത്തന രീതി രാജ്യത്തിലെ മറ്റു മരിടൈം സംഘടനകളും മാതൃകയാക്കണമെന്ന്. ജീവനക്കാര്‍ക്ക് വിതരണം ചെയ്യാന്‍ സൈലേഴ്‌സ് സൊസൈറ്റി കോവിഡ് കാലത്ത് 32 ലക്ഷത്തോളം രൂപ വിലമതിക്കുന്ന 1200 മെഡിക്കല്‍ കിറ്റുകളാണ് അദ്ദേഹത്തിലൂടെ ഇവിടെ എത്തിച്ചത്.സിഡിസിയുമായെത്തിയവര്‍ക്കെല്ലാം വിലപ്പെട്ട കിറ്റുകള്‍ അന്ന് കോട്ടിക്കുളം മര്‍ച്ചന്റ്‌നേവി ക്ലബ്ബില്‍ നിന്ന് വിതരണം ചെയ്തു. രാജ്യത്ത് ഏറെ സുതാര്യതയോടെ കിറ്റുകള്‍ വിതരണം ചെയ്ത മികവില്‍ ക്ലബ്ബിന് സൈലേര്‍സ് സൊസൈറ്റിയുടെ ബെസ്റ്റ് പെര്‍ഫോമന്‍സ് പ്രശംസാപത്രവും അന്ന് ലഭിച്ചു.
സ്ഥാനങ്ങള്‍, ബഹുമതികള്‍…
മരിടൈം രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒട്ടേറെ പ്രസ്ഥാനങ്ങള്‍ മനോജ് ജോയ്ക്ക് ആദരവുകളും അനുമോദനങ്ങളും കടലാഴത്തോളം നല്‍കിയിട്ടുണ്ട്. കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡയരക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്ങിന്റെ അഡൈ്വസറി ബോര്‍ഡ് അംഗമാണ് അദ്ദേഹം. ‘ദി വൈവ്‌സ്’ ( The Waves ) മാസികയുടെ പ്രസാധകനാണ്.
2013ല്‍ മര്‍ച്ചന്റ് നേവി ഓഫീസഴ്‌സ് അസോസിയേഷന്റെ ലൈഫ് ടൈം അച്ചിവ്‌മെന്റ് award ( Life Time Achievement Award ), 2018 ല്‍ ‘സേഫ്റ്റി അറ്റ് സീ’ എന്ന രാജ്യാന്തര സംഘടനയുടെ അണ്‍സങ് ഹീറോ (Unsung Hero) അവാര്‍ഡ്, 2011ല്‍ നാഷണല്‍ മരിടൈം ഡേ കമ്മിറ്റിയുടെ എക്‌സലന്‍സ് അവാര്‍ഡ് (Excellence Award), 2024 ല്‍ മാരെക്‌സ് മീഡിയയുടെ മരിടൈം ഐക്കണ്‍ ഓഫ് ഇന്ത്യ (Maritime Icon of India) തുടങ്ങിയ ഒട്ടേറെ പുരസ്‌കാരങ്ങളുടെ ഉടമയാണ് അദ്ദേഹം. മ്യാന്മാര്‍ മത്സ്യത്തൊഴിലാളികളെ സൊമാലിയന്‍ കടല്‍കൊള്ളക്കാര്‍ ബന്ദികളാക്കിയ ദുരിത കഥപറയുന്ന ‘രാജ്യമില്ലാത്ത മനുഷ്യന്‍’ (Man without a Nation) എന്ന കഥയുടെ സ്‌ക്രിപ്റ്റ് അദ്ദേഹമാണ് രചിച്ചത്. അത് ഡോക്യൂമെന്ററിയായി രണ്ട് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച് കൈയ്യടി നേടിയിരുന്നു. പി ആന്‍ഡ് ഐ ക്ലബ്ബുമായി ബന്ധപ്പെട്ട സ്ഥാപനത്തില്‍ ഒട്ടേറെ വര്‍ഷം ജോലിചെയ്ത ശേഷമാണ് സൈലേഴ്‌സ് സൊസൈറ്റിയുമായി ബന്ധപ്പെട്ടത്.
വിദേശത്ത് കുടുങ്ങിയ നാവികര്‍
മികച്ച വേതനം വാഗ്ദാനം ചെയ്ത് ഏജന്റ്മാരുടെ കുരുക്കില്‍പെട്ട് ഭീമമായ തുക കൈക്കുലി കൊടുത്ത് നിയമാനുസൃതമല്ലാത്ത ചെറു കപ്പലുകളില്‍ വെള്ളവും വെളിച്ചവും വേതനവും മതിയായ ഭക്ഷണം പോലും
കിട്ടാതെ ജോലി ചെയ്യേണ്ടിവന്നവരുടെയും ചെയ്യാത്ത വിവിധ കുറ്റങ്ങള്‍ ചുമത്തി വിദേശങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരേയും മോചിപ്പിച്ച് നാട്ടില്‍ എത്തിക്കാന്‍ അദ്ദേഹം സഹായിച്ചിട്ടുണ്ട്.ആ പട്ടിക ഏറെ വലുതാണ്.
കപ്പലോട്ടക്കാര്‍ക്ക് ബോധവത്ക്കരണം
കപ്പലോട്ടക്കാരുടെ രക്ഷകനായ ക്യാപ്റ്റന്‍ വി. മനോജ് ജോയ്ക്ക് കോട്ടിക്കുളം മര്‍ച്ചന്റ്‌നേവി ക്ലബ്ബില്‍ നവംബര്‍ 6 ന് സിമെന്‍സ് യൂണിറ്റി ഡേ ആഘോഷ പരിപാടിയില്‍ സ്വീകരണവും ആദരവും ഒരുക്കുന്നുണ്ട്. നിലവില്‍ കപ്പലുകളില്‍ ജോലിയിലുള്ള കണ്ണൂര്‍ കാസര്‍കോട് ജില്ലയിലെ കപ്പലോട്ടക്കാരുടെ ഭാര്യമാര്‍ക്കും ഇപ്പോള്‍ അവധിയിലുള്ള വര്‍ക്കും ഭാര്യമാര്‍ക്കും കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബില്‍ ആ ദിവസം സംഘടിപ്പിക്കുന്ന സെമിനാറില്‍ അദ്ദേഹം ബോധവത്ക്കരണ ക്ലാസെടുക്കും.
പാലക്കുന്നില്‍ കുട്ടി