കടുവകളുടെ തിരോധാനം; അന്വേഷണ സമിതി രൂപീകരിച്ച് വന്യജീവി വകുപ്പ്

ജെയ്പൂര്‍: ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങളില്‍ രാജസ്ഥാനിലെ രണ്‍തംബോര്‍ നാഷണല്‍ പാര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ കടുവകള്‍ ഉള്ളത്. 75 കടുവകള്‍ ഉള്ള രണ്‍തംബോര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 25 കടുവകളെ കാണാനില്ലെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പവന്‍ കുമാര്‍ ഉപാധ്യായ പാര്‍ക്ക് അധികൃതരെ അറിയിച്ചു. 2019 ജനുവരി മുതല്‍ 2022 ജനുവരി വരെ രണ്‍തംബോറില്‍ നിന്ന് 13 കടുവകളെ കാണാതായിരുന്നു. എന്നാല്‍ ആദ്യമായാണ് ഇത്രയധികം കടുവകളെ കാണാതായ വിവരം ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യുന്നത്.

വന്യജീവി വകുപ്പ് വിഷയം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. കടുവകളുടെ തിരോധാനം അന്വേഷിക്കാന്‍ മൂന്നംഗ സമിതിക്ക് രൂപം നല്‍കി. രണ്ട് മാസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പവന്‍ കുമാര്‍ ഉപാധ്യായ പറഞ്ഞു. നിരീക്ഷണ കാമറകള്‍ പരിശോധിക്കുകയും പാര്‍ക്ക് ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുകയും ചെയ്യും. ഈ വര്‍ഷം മെയ് 17നും സെപ്റ്റംബര്‍ 30നും ഇടയില്‍ കാണാതായ 14 കടുവകളെ കണ്ടെത്താനാണ് ആദ്യം മുന്‍കൈയെടുക്കുക.

നവംബര്‍ 4ന് രണ്‍തംബോറില്‍ നടത്തിയ നിരീക്ഷണത്തില്‍ കടുവകളെ കാണാതായതുമായി ബന്ധപ്പെട്ട ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പാര്‍ക്കിന്റെ ഫീല്‍ഡ് ഡയറക്ടര്‍ക്ക് പലതവണ നോട്ടീസ് അയച്ചിട്ടും കാര്യമായ പുരോഗതികളൊന്നും ഉണ്ടായില്ല.

കടുവകളുടെ വര്‍ദ്ധനവ്മൂലം രണ്‍തംബോര്‍ പാര്‍ക്ക് നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും ഇത് കടുവകള്‍ക്കിടയില്‍ സംഘര്‍ഷത്തിന് കാരണമാകുന്നുവെന്നും പാര്‍ക്ക് അധികൃതര്‍ പറഞ്ഞു. രണ്‍തംബോര്‍ നാഷണല്‍ പാര്‍ക്കില്‍ 40 ഓളം കടുവകളെ മാത്രമേ സുരക്ഷിതമായി പാര്‍പ്പിക്കാന്‍ കഴിയൂ എന്ന് വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ 2006-2014 ല്‍ നടത്തിയ പഠനത്തില്‍ പറയുന്നു. 900 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണ്ണമുള്ള രണ്‍തംബോര്‍ പാര്‍ക്ക് കുഞ്ഞുങ്ങള്‍ അടക്കം 75 കടുവകളെ ഉള്‍ക്കൊള്ളാന്‍ പാടുപെടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *