അമേരിക്കയില്‍ ഇനി ട്രംപ് യുഗം; സെനറ്റിലും റിപ്പബ്ലിക്കന്‍ ആധിപത്യം

വാഷിങ്ടന്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്വിങ് സ്റ്റേറ്റുകള്‍ അടക്കം അധിപത്യമുറപ്പിച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിന് ചരിത്ര വിജയം. നോര്‍ത്ത് കാരോലൈന, ജോര്‍ജിയ, പെന്‍സല്‍വേനിയ എന്നിവിടങ്ങളില്‍ ട്രംപ് വന്‍വിജയമാണ് നേടിയത്. വിജയം ഉറപ്പായതോടെ റിപ്പബ്ലിക്കന്‍ ക്യാമ്ബ് വിജയാഘോഷം തുടങ്ങി.

ഫ്‌ലോറിഡയില്‍ അണികളെ അഭിസംബോധന ചെയ്ത ട്രംപ്, അമേരിക്കയുടെ സുവര്‍ണയുഗമാണിതെന്ന് പറഞ്ഞു. റിപ്പബ്ലിക്കന്‍ അനുഭാവികള്‍ കൂട്ടത്തോടെ ഫ്‌ളോറിഡയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വിജയ സാധ്യത മങ്ങിയതോടെ ഡെമോക്രാറ്റിക് ക്യാമ്ബുകള്‍ നിശബ്ദമായി. ഡെമോക്രാറ്റ് സ്ഥാനാര്‍ഥി കമല ഹാരിസ് ഇന്ന് മാധ്യമങ്ങളെ കാണില്ലെന്ന് അറിയിച്ചു.

ഇലക്ടറല്‍ വോട്ടുകളില്‍ 267 വോട്ടുകളാണ് ഇതുവരെ ട്രംപ് നേടിയത്. കമലക്ക് 214 വോട്ടുകളും. ആകെയുള്ള 538 ഇലക്ടറല്‍ കോളജ് വോട്ടുകളില്‍ 270 എണ്ണം നേടിയാല്‍ കേവല ഭൂരിപക്ഷമാകും. ഏഴു സ്വിങ് സ്റ്റേറ്റുകളിലും ട്രംപിന് ആധിപത്യം ഉറപ്പിക്കാനായി. ഉപരിസഭയായ സെനറ്റില്‍ നാലു വര്‍ഷത്തിനുശേഷം ഭൂരിപക്ഷം ഉറപ്പിച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക്, ജനപ്രതിനിധി സഭയിലും ആധിപത്യം ഉറപ്പിക്കാനായി.

ഓഹിയോ, വെസ്റ്റ് വെര്‍ജീനിയ, നബ്രാസ്‌ക എന്നിവിടങ്ങളില്‍ ജയിച്ചാണ് സെനറ്റില്‍ ഭൂരിപക്ഷം നേടിയത്. അരിസോണ, മിഷിഗന്‍, പെന്‍സല്‍വേനിയ, വിസ്‌കോണ്‍സന്‍ എന്നീ സ്റ്റേറ്റുകള്‍ ട്രംപ് നേടി. മിഷിഗനില്‍ കമല തുടക്കത്തില്‍ മുന്നേറ്റം കാഴ്ചവച്ചെങ്കിലും പിന്നീട് ട്രംപ് അത് മറികടന്നു. വിജയിക്കുമെന്ന് ഉറപ്പിച്ചിരുന്ന പെന്‍സല്‍വേനിയ, വിസ്‌കോണ്‍സന്‍, മിഷിഗന്‍ എന്നീ സ്റ്റേറ്റുകള്‍ കൈവിട്ടതാണ് കമലക്ക് തിരിച്ചടിയായത്.

Leave a Reply

Your email address will not be published. Required fields are marked *