കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് സുവര്‍ണ്ണ ജൂബിലി ഉദ്ഘാടന സമ്മേളനം നാളെ

  • പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും
  • സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ശിലാ സ്ഥാപന കര്‍മ്മം നിര്‍വഹിക്കും

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്തിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് നടത്തപ്പെടുന്ന സുവര്‍ണ്ണ ജൂബിലി ഉദ്ഘാടന മഹാ സമ്മേളനത്തിനും ആസ്ഥാന മന്ദിര പുനര്‍നിര്‍മ്മാണ ശിലാസ്ഥാപന കര്‍മ്മത്തിനും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

അമ്പതാണ്ടുകള്‍ക്ക് മുമ്പ് കാഞ്ഞങ്ങാട്ടേയും പരിസരപ്രദേശങ്ങളിലേയും മുസ്ലിം മഹല്ലുകളെ ഏകീകരിക്കുന്നതിനും അവക്ക് ശാസ്ത്രീയമായ ഒരു ഐക്യ രൂപം ഉണ്ടാക്കിയെടുക്കുന്നതിനും വേണ്ടി സ്ഥാപിക്കപ്പെട്ട സംയുക്ത മുസ്ലിം ജമാഅത്ത്, സുകൃതങ്ങള്‍ പെയ്തിറങ്ങിയ അരനൂറ്റാണ്ടിന്റെ പ്രൗഢമായ പാരമ്പര്യം നെഞ്ചോട് ചേര്‍ത്തു പിടിച്ചുകൊണ്ടാണ് സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നത്. ഈ കാലയളവിനിടയില്‍ മുസ്ലിം സമൂഹത്തിന്റെ ഒരു ഐക്യ പ്രസ്ഥാനമായും സാമൂഹിക സൗഹൃദത്തിനു വേണ്ടിയുള്ള മികച്ച സംവിധാനമായും മുന്നോട്ടുപോകാന്‍ കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്തിന് കഴിഞ്ഞിട്ടുണ്ട്. വ്യക്തികളും മഹല്ലുകളും തമ്മിലുള്ള പ്രശ്‌നങ്ങളും ദാമ്പത്യ തര്‍ക്കങ്ങളും അതുപോലെ, അനന്തരാവകാശ വിഭജനം സംബന്ധിച്ച് ഉണ്ടാകുന്ന തര്‍ക്കങ്ങളും ഇടപെട്ട് പരിഹരിക്കാന്‍ സ്ഥിരം സംവിധാനം ഉണ്ട് എന്നതും അത്തരമൊരു സംവിധാനത്തിലൂടെ മൂവായിരത്തില്‍പരം പരാതികള്‍ക്ക് ഇതിനകം തീര്‍പ്പ് കല്‍പ്പിക്കാന്‍ കഴിഞ്ഞു എന്നതും അഭിമാനകരമായ നേട്ടങ്ങളില്‍ ഒന്നാണെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിലെ ആദ്യത്തെ സംയുക്ത ജമാഅത്തായ കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത്, ഇപ്പോള്‍ നിലവിലുള്ള മറ്റു സംയുക്ത ജമാഅത്തുകള്‍ക്കെല്ലാം മാതൃകയാകുന്ന പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായിട്ടുള്ള സംവിധാനമാണ്. കെ കെ മുഹമ്മദ് അബ്ദുല്‍ കരീം അദ്ദേഹത്തിന്റെ കേരള മുസ്ലിം ഡയറക്ടറിയില്‍ പ്രതിപാദിച്ചിട്ടുള്ള ഏക സംയുക്ത ജമാഅത്ത് സംവിധാനമാണ് കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് എന്ന് നേതാക്കള്‍ അനുസ്മരിച്ചു.

കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും ഉണ്ടായിട്ടുള്ള നിരവധി സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടാനും സമൂഹത്തെ പൊതുവിലും സമുദായത്തെ പ്രത്യേകിച്ചും ബാധിക്കുന്ന സുപ്രധാനമായ വിഷയങ്ങളില്‍ നിലപാടുകള്‍ സ്വീകരിച്ചുകൊണ്ട് സമൂഹത്തിന് കൃത്യമായ മാര്‍ഗ്ഗദര്‍ശനം നല്‍കുന്നതിനും സംയുക്ത ജമാഅത്തിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ 50 വര്‍ഷക്കാലയ ളവിനുള്ളില്‍ നിരവധി ശ്രദ്ധേയമായ സമ്മേളനങ്ങളും പരിപാടികളും ചര്‍ച്ചകളും സൗഹൃദ സംഗമങ്ങളും കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ചിട്ടുണ്ട്. പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് 2015 ജനുവരിയില്‍ നടത്തിയ 40-ാം വാര്‍ഷിക സമ്മേളനം, കാഞ്ഞങ്ങാട് കണ്ട ഏറ്റവും വലിയ മതകീയ സംഗമായി മാറിയെന്ന് അന്ന് വര്‍ത്താമാധ്യമങ്ങളൊക്കെ അഭിപ്രായപ്പെട്ടതാണ്.

2010 മുതല്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന പാണക്കാട് സയ്യിദ് മുഹമ്മദ് ശിഹാബ് തങ്ങള്‍ സ്മാരക മംഗല്യനിധി, അംഗ മഹല്ലുകളില്‍ നിന്നും ഓരോ വര്‍ഷവും നിര്‍ദ്ദേശിക്കപ്പെടുന്ന ഓരോ പെണ്‍കുട്ടികളുടെ വിവാഹത്തിനും ഒരു ലക്ഷം രൂപ വീതം നല്‍കുന്ന സഹായ പദ്ധതിയാണ്.ഈ പദ്ധതി പ്രകാരം ഇതിനകം 450ലേറെ കുട്ടികള്‍ക്ക് നാലരക്കോടിയിലേറെ രൂപ ചെലവഴിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് 40-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് ആവിഷ്‌കരിച്ച ഭൂദാന പദ്ധതിയില്‍ ഏതാണ്ട് അറുപതോളം കുടുംബങ്ങള്‍ക്ക് 5 സെന്റ് ഭൂമിയും പതിച്ച് നല്‍കിയിട്ടുണ്ട്.

നാളെ (07/11/24 ന് വ്യാഴാഴ്ച) മെട്രോ മുഹമ്മദ് ഹാജി നഗറില്‍ വെച്ച് നടക്കുന്ന സുവര്‍ണ്ണ ജൂബിലി ഉദ്ഘാടന സമ്മേളനം പ്രസിഡന്റ് പാലക്കി സി കുഞ്ഞഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആസ്ഥാന മന്ദിര പുനര്‍നിര്‍മ്മാണ ശിലാ സ്ഥാപന കര്‍മ്മം നിര്‍വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, ഹാരിസ് ബീരാന്‍ എംപി, ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ശുഐബുല്‍ ഹൈതമി, പി എ ഉബൈദുള്ളാഹി നദ്വി, യു കെ മിര്‍സാഹിദ് അല്‍ ബുഖാരി, ബില്‍ടെക് അബ്ദുല്ല, കല്ലട്ര മാഹിന്‍ ഹാജി, കെ എം ഷംസുദ്ദീന്‍, കെ ഇ എ ബക്കര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

ആസ്ഥാന മന്ദിരം വരുന്ന റമദാന്‍ കഴിയുന്നതിനകം പൂര്‍ത്തിയാക്കാനും, റമദാനിനു ശേഷം ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന വിവിധ സെഷനുകള്‍ ഉള്‍പെടുത്തിയുള്ള ഐതിഹാസികമായ സുവര്‍ണ്ണ ജൂബിലി സമാപന മഹാ സമ്മേളന പരിപാടികള്‍ ആവിഷ്‌കരിക്കാനാണ് കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് കമ്മിറ്റി ആലോചിക്കുന്നത്. ഈ പരിപാടികള്‍ക്കിടയില്‍ തന്നെ, നാല് മേഖലകളാക്കി തിരിച്ചു കൊണ്ട് മേഖല സമ്മേളനങ്ങളും അതുപോലെ പ്രചാരണ വാഹന ജാഥകളും ഉള്‍പ്പെടെയുള്ള പരിപാടികളും കമ്മിറ്റി ആസൂത്രണം ചെയ്തിട്ടുണ്ട്. ആസ്ഥാന മന്ദിര നിര്‍മ്മാണത്തോടൊപ്പം തന്നെ, കമ്മിറ്റിക്ക് സ്ഥിര വരുമാനമുണ്ടാക്കാനുള്ള പദ്ധതികളെക്കുറിച്ചും കമ്മിറ്റി ആലോചിക്കുന്നു. ഈ പദ്ധതികള്‍ നടപ്പിലാക്കാനായി സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് രണ്ടുകോടി രൂപ സമാഹരിക്കാന്‍ കമ്മിറ്റി ആഗ്രഹിക്കുന്നു.

സി കുഞ്ഞഹമ്മദ് ഹാജി പാലക്കി, ബഷീര്‍ വെള്ളിക്കോത്ത്, എം കെ അബൂബക്കര്‍ ഹാജി, മുബാറക് ഹാസൈനാര്‍ ഹാജി, ജാതിയില്‍ ഹസൈനാര്‍ ഹാജി, കെ ബി കുട്ടി ഹാജി, പി കെ അബ്ദുല്ലക്കുഞ്ഞി, ശരീഫ് എഞ്ചിനീയര്‍, റഷീദ് തോയമ്മല്‍, കെ കെ അബ്ദുറഹ്‌മാന്‍ പാണത്തൂര്‍, താജ്ജുദ്ദീന്‍ കമ്മാടം, അബൂബക്കര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *