കാസര്‍കോട് മത്സ്യ മാര്‍ക്കറ്റ് – തല തിരിഞ്ഞ പരിഷ്‌കാരങ്ങള്‍ തിരുത്തണം -എസ്.ടി.യു

കാസര്‍കോട്: നഗരസഭയുടെ അധീനത യിലുള്ള കാസര്‍കോട് മത്സ്യ മാര്‍ക്കറ്റില്‍ മത്സ്യ വിതരണ, അനുബന്ധ തൊഴിലാളികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്ന രീതിയില്‍ ചിലര്‍ ഏര്‍പ്പെടുത്തിയ അലിഖിതവും നിയമ വിരുദ്ധവുമായ പരിഷ്‌കാരങ്ങള്‍ അടിയന്തിരമായി പിന്‍വലിക്കണമെന്നും മത്സ്യ മാര്‍ക്കറ്റ് മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിക്കണമെന്നും എസ്.ടി.യു ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. രാവിലെ 6 മണിക്ക് ശേഷം മാര്‍ക്കറ്റിലേക്ക് വാഹനങ്ങള്‍ കയറാന്‍ പാടില്ലെന്ന ചില ബാഹ്യശക്തികളുടെ നിബന്ധന മൂലം ദൂര പ്രദേശങ്ങളില്‍ സൈക്കിളിലും, തലച്ചുമടയായും വാഹനങ്ങളിലും എത്തി മത്സ്യം മൊത്തമായി വാങ്ങി നാടിന്റെ മുക്കിലും മൂലയിലും വിതരണം നടത്തുന്ന തൊഴിലാളികള്‍ക്ക് സമയം വൈകിയാല്‍ മാര്‍ക്കറ്റില്‍ നിന്നും മത്സ്യം എടുക്കാന്‍ കഴിയുന്നില്ല. സമയം വൈകിയാല്‍ മത്സ്യം ലഭിക്കാതെ ജോലി നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആരുടെയോ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയുണ്ടാക്കിയ പരിഷ്‌കാരങ്ങള്‍ തൊഴിലാളികള്‍ക്ക് തീര്‍ത്തും ദ്രോഹകരമാണ്. മത്സ്യ മാര്‍ക്കറ്റിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത അടിയന്തിരമായി പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മാര്‍ക്കറ്റിലേക്കുള്ള വഴിയിലെ മത്സ്യ വില്പന ഒഴിവാക്കുന്നതിനും, മാര്‍ക്കററ് ശുചിയായി സൂക്ഷിക്കുവാനും, മത്സ്യം കയറ്റി വരുന്ന വാഹനങ്ങള്‍ മാര്‍ക്കറ്റിനകത്ത് പ്രവേശിക്കാനും പൊതുജനങ്ങള്‍ക്ക് സുരക്ഷിതമായി മാര്‍ക്കറ്റിനകത്ത് പ്രവേശിക്കാനും, നഗരസഭ പ്രത്യേക പദ്ധതി തയ്യാറാക്കി നടപ്പിലാക്കണം. നഗരസഭയുടെ അധീനതയിലുള്ള മത്സ്യ മാര്‍ക്കറ്റ് ചില ബാഹ്യശക്തികളുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് നിയമ വിരുദ്ധമാണ്. ഇത് ഒഴിവാക്കാന്‍ ശക്തമായ നടപടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് എ അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. എസ്.ടി.യു ദേശീയ വൈസ് പ്രസിഡന്റ് എ. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി മുഹമ്മദ് അഷ്‌റഫ് സംസ്ഥാന കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിച്ചു. ജില്ല ജനറല്‍ സെക്രട്ടറി മുത്തലിബ് പാറക്കെട്ട് സ്വാഗതം പറഞ്ഞു. മുസ്ലിംലീഗ് ജില്ല സെക്രട്ടറി കെ അബ്ദുല്ലക്കുഞ്ഞി, എസ് ടി യു ദേശീയ സെക്രട്ടറി ബിഫാത്തിമ ഇബ്രാഹിം,സംസ്ഥാന ഭാരവാഹികളായ അഷ്‌റഫ് എടനീര്‍, ശരീഫ് കൊടവഞ്ചി, ജില്ലാ ഭാരവാഹികളായ പി ഐ എ ലത്തീഫ്, മുംതാസ് സമീറ, മൊയ്തീന്‍ കൊല്ലമ്പാടി, ഷംസുദ്ദീന്‍ ആയിറ്റി, എം എ മക്കാര്‍ മാസ്റ്റര്‍, മാഹിന്‍ മുണ്ടക്കൈ, കുഞ്ഞമ്മദ് കല്ലൂരാവി,എല്‍ കെ ഇബ്രാഹിം,ഷുക്കൂര്‍ ചെര്‍ക്കളം,സുബൈര്‍ മാര,ഹാരിസ് ബോവിക്കാനം,മുഹമ്മദ് കുഞ്ഞി കുമ്പള,അഷ്‌റഫ് മഞ്ചേശ്വരം,ഉമ്മര്‍ അപ്പോളോ,കരീം കുശാല്‍നഗര്‍,ഷംസീര്‍ മണിയനൊടി,ഹനീഫ പാറ ചെങ്കള പ്രസംഗിച്ചു.
ഫോട്ടോ: എസ് ടി യു ജില്ലാ പ്രവര്‍ത്തകസമിതി യോഗം ദേശീയ വൈസ് പ്രസിഡണ്ട് എ അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *