കാക്കനാട്: അനുഭവങ്ങള്‍ എത്രവന്നാലും പഠിക്കാത്തവരാണ് മലയാളികള്‍. പരസ്യങ്ങളിലൂടെ ഉള്ള തട്ടിപ്പുകള്‍ പലവിധത്തില്‍ നടക്കുന്ന ഈ വേളയില്‍ പുതിയ ഒരു തട്ടിപ്പുമായി എത്തിയതാണ് യുവാവ്. സിനിമാ നടിമാര്‍ക്കൊപ്പം സമയം ചെലവഴിക്കാമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പരസ്യം നല്‍കി പണം തട്ടിയെടുത്തു. എറണാകുളം എളമക്കര പ്ലേഗ്രൗണ്ട് റോഡില്‍ ഇ.എന്‍.ആര്‍.എ. 177-ല്‍ താമസിക്കുന്ന കൊല്ലം സ്വദേശി ശ്യാം മോഹന്‍ (37) ആണ് കൊച്ചി സൈബര്‍ പോലീസിന്റെ പിടിയിലായത്. പ്രവാസികളായ മലയാളികളാണ് ഇയാളുടെ തട്ടിപ്പിന് ഇരയായവരില്‍ കൂടുതലും.
സാമൂഹിക മാധ്യമത്തില്‍ രണ്ട് യുവ നടിമാരുടെ ചിത്രങ്ങളും പേരുകളും ഉള്‍പ്പെടുത്തി പരസ്യം നല്‍കിയാണിയാള്‍ ഇരകളില്‍നിന്നും പണം തട്ടിയെടുത്തത്. നടികള്‍ വിദേശ സന്ദര്‍ശനത്തിനെത്തുമ്‌ബോള്‍ ആവശ്യക്കാര്‍ക്കൊപ്പം ഒരു ദിവസം ചെലവഴിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ഫോണ്‍ നമ്ബറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നല്‍കും. ഗള്‍ഫിലുള്ള മലയാളി സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ സജീവമായിരുന്ന പ്രതി ഈ ഗ്രൂപ്പുകളിലും പരസ്യം നല്‍കിയിരുന്നു.
ഒട്ടേറെപ്പേരാണ് പരസ്യം വിശ്വസിച്ച് 20,000 മുതല്‍ 30,000 രൂപ വരെ പ്രതിക്ക് മുന്‍കൂറായി നല്‍കിയത്. പറ്റിക്കപ്പെട്ടു എന്ന് മനസ്സിലായെങ്കിലും തട്ടിപ്പിന് ഇരയായവര്‍ നാണക്കേട് ഭയന്ന് പോലീസില്‍ പരാതിപ്പെട്ടില്ല. തങ്ങളുടെ പേരുപയോഗിച്ച് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നത് ശ്രദ്ധയില്‍ പെട്ട യുവ നടിമാര്‍ കൊച്ചി സൈബര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇടപാടുകാരെന്ന വ്യാജേന സൈബര്‍ പോലീസ് പ്രതിയെ വലയിലാക്കുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.