ന്യൂഡല്‍ഹി: അടിയന്തര കേസുകളെല്ലാം ഇനി മുതല്‍ ഇ-മെയില്‍ വഴി നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അറിയിച്ചു. രേഖാമൂലമുള്ള കത്തുകള്‍ വഴിയോ, ഇ-മെയില്‍ വഴിയോ മാത്രമെ അത്തരം കേസുകളിനി പരിഗണിക്കുകയുള്ളുവെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ വാക്കാല്‍ ആയിരുന്നു ഇത്തരം കേസുകളില്‍ വക്കീല്‍ അഭ്യര്‍ഥന നടത്തിയിരുന്നത്. എന്നാല്‍ ഇനി കാരണങ്ങളടക്കം ബോധിപ്പിച്ച് കത്തുകളോ, ഇ-മെയിലോ അയക്കണം.
‘ഇനി രേഖാമൂലമോ വാക്കാലുള്ളതോ ആയ പരാമര്‍ശങ്ങളൊന്നുമില്ല. ഇ-മെയിലുകളോ എഴുതിയ അപേക്ഷകളോ മാത്രമേ സ്വീകരിക്കുകയുള്ളൂ. അടിയന്തര ആവശ്യത്തിന്റെ കാരണങ്ങളും പറയണം’. ചീഫ് ജസ്റ്റിസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീം കോടതിയുടെ 51ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്.
2025 മെയ് 13വരെയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന തുടരുക. 2019 ജനുവരിയിലാണ് സഞ്ജീവ് ഖന്നയെ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്തുന്നത്. 2005 ജൂണില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനായ അദ്ദേഹം, 2006ല്‍ ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി. 1983 ലാണ് ഡല്‍ഹി ബാര്‍ കൗണ്‍സിലിന് കീഴില്‍ അഭിഭാഷകനായി തുടക്കം കുറിച്ചത്.
ഒരു ഹൈക്കോടതിയിലും ചീഫ് ജസ്റ്റിസാകാതെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആകുന്ന ആദ്യത്തെയാളാണ് സഞ്ജീവ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര നടപടി ശരിവച്ച ഭരണഘടനാ ബെഞ്ചിലും ഇലക്ടറല്‍ ബോണ്ട് ഭരണഘടനാവിരുദ്ധമെന്ന് കണ്ടെത്തി റദ്ദാക്കിയ ഭരണഘടനാ ബെഞ്ചിലും ജസ്റ്റിസ് സഞ്ജീവ് ഖന്ന അംഗമായിരുന്നു.