വാഹനവില്‍പ്പന നടന്നുകഴിഞ്ഞാല്‍ എത്രയും വേഗം ഉടമസ്ഥാവകാശം മാറ്റണമെന്ന് മോട്ടോര്‍വാഹനവകുപ്പിന്റെ മുന്നറിയിപ്പ്. വാഹനസംബന്ധിയായ ഏത് കേസിലും ഒന്നാം പ്രതി ആര്‍.സി. ഉടമയാണ്. വാഹനം കൈമാറി 14 ദിവസത്തിനുള്ളില്‍ ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷ ആര്‍.ടി. ഓഫീസില്‍ നല്‍കണം. തുടര്‍ന്ന് ഉടമസ്ഥതാ കൈമാറ്റ ഫീസടവ് നടപടി പൂര്‍ത്തിയാക്കണം.
15 വര്‍ഷം കഴിഞ്ഞ വാഹനമാണെങ്കില്‍ 200 രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ വാഹനം വാങ്ങുന്ന വ്യക്തിയുടെപേരില്‍ സത്യവാങ്മൂലവും നല്‍കണം. വാഹനത്തിന് എന്തെങ്കിലും ബാധ്യതയുണ്ടോയെന്ന് വാഹനം വാങ്ങുന്നയാള്‍ ഉറപ്പുവരുത്തണം. വാഹനം വിറ്റശേഷമുള്ള പരാതികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.
വാഹനം വില്‍ക്കുന്നത് അടുത്തബന്ധുക്കള്‍ക്കോ കൂട്ടുകാര്‍ക്കോ സെക്കന്‍ഡ് ഹാന്‍ഡ് വാഹനഡീലര്‍മാര്‍ക്കോ ആയാല്‍പ്പോലും ഒരു പേപ്പറിലോ മുദ്രപ്പത്രങ്ങളിലോ ഒപ്പിട്ടു വാങ്ങിയതിന്റെപേരില്‍ വാഹനകൈമാറ്റം പൂര്‍ത്തിയായെന്നു കരുതരുതെന്ന് വാഹനവകുപ്പ് പറയുന്നു.
സെക്കന്‍ഡ് ഹാന്‍ഡ് വാഹനഡീലര്‍മാര്‍ മൂന്നുമാത്രം
ആര്‍.ടി. ഓഫീസുകളില്‍ ഡീലര്‍ഷിപ്പ് രജിസ്റ്റര്‍ചെയ്ത സെക്കന്‍ഡ് ഹാന്‍ഡ് വാഹനഡീലര്‍മാര്‍ക്ക് വാഹനം വില്‍ക്കുമ്പോള്‍ പിന്നീട് അവര്‍ക്കാണ് ഉത്തരവാദിത്വം. ഈ വാഹനം ആര്‍ക്കെങ്കിലും വില്‍ക്കുമ്പോള്‍ കൈമാറ്റനടപടി പൂര്‍ത്തിയാക്കേണ്ടത് ഡീലറാണ്. എന്നാല്‍, ഡീലര്‍ഷിപ്പ് രജിസ്‌ട്രേഷനുള്ള മൂന്ന് സെക്കന്‍ഡ് ഹാന്‍ഡ് വാഹന ഡീലര്‍മാര്‍ മാത്രമാണ് സംസ്ഥാനത്തുള്ളത്.