സംസ്ഥാന സ്‌കൂള്‍ കലോത്സവം തലസ്ഥാനത്തിന്റെ സാംസ്‌കാരിക സമ്പന്നതക്ക് മാറ്റു കൂട്ടും: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരത്ത് ജനുവരി 4 മുതല്‍ 8 വരെ നടക്കുന്ന സംസ്ഥന സ്‌കൂള്‍ കലോത്സവം തലസ്ഥാനത്തിന്റെ സാംസ്‌കാരിക സമ്പന്നതക്ക് മാറ്റു കൂട്ടുമെന്ന് പൊതുവിദ്യഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. തിരുവനന്തപുരം ശിക്ഷക് സദനില്‍ ചേര്‍ന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവ സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഈ വര്‍ഷത്തെ കലോത്സവത്തില്‍ തദ്ദേശീയ കലാരൂപങ്ങളായ മംഗലം കളി, മലപുലയാട്ടം, ഇരുള നൃത്തം, പളിയ നൃത്തം, പണിയ നൃത്തം എന്നിവ പുതിയതായി മത്സരയിനങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന പ്രത്യേകതയുണ്ട്.

സ്‌കൂള്‍, ഉപജില്ലാ, റവന്യൂജില്ലാ തലങ്ങളിലെ മത്സരങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷമാണ് സംസ്ഥാനതല മത്സരങ്ങള്‍ നടക്കുന്നത്. ഏകദേശം പതിനയ്യായിരത്തോളം വിദ്യാര്‍ഥികള്‍ സംസ്ഥാനതലത്തില്‍ വിവിധ മത്സരങ്ങളില്‍ മാറ്റുരക്കും. ഒരു കുട്ടിക്ക് മൂന്ന് വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പിനങ്ങളിലും മത്സരിക്കാം. സ്‌കൂള്‍ തലങ്ങളില്‍ മത്സരിച്ച് വിജയിക്കുകയും, ഉപജില്ലാ, റവന്യൂ ജില്ലാ മത്സരത്തില്‍ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്ത വിദ്യാര്‍ഥികളാണ് സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. 2016 ന് ശേഷമാണ് തിരുവനന്തപുരം വീണ്ടും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത്.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നൂറ്റിയൊന്നും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നൂറ്റിപ്പത്തും, അറബിക്, സംസ്‌കൃതോത്സവങ്ങളില്‍ പത്തൊമ്പത് വീതവും ഉള്‍പ്പെടെ ആകെ ഇരുന്നൂറ്റി നാല്‍പത്തിയൊമ്പത് മത്സരങ്ങളാണ് നടക്കുന്നത്. പ്രധാന വേദിയായ പുത്തരിക്കണ്ടം മൈതാനം, അയ്യങ്കാളി ഹാള്‍, നിശാഗന്ധി ഓഡിറ്റോറിയം, ടാഗോര്‍ തിയേറ്റര്‍, എസ്.എം.വി സ്‌കൂള്‍, മോഡല്‍ സ്‌കുള്‍ ഉള്‍പ്പെടെ നഗരത്തില്‍ 25 ലധികം വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നതെന്നും മന്ത്രി അറിയിച്ചു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും, മുഖ്യമന്ത്രി പിണറായി വിജയനുമാണ് കലോത്സവ സംഘാടക സമിതിയുടെ മുഖ്യ രക്ഷാധികാരികള്‍. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ ഓര്‍ഗനൈസിങ്ങ് കമ്മിറ്റി ചെയര്‍മാനും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജീവന്‍ബാബു കെ. ജനറല്‍ കോര്‍ഡിനേറ്ററുമായി സ്വാഗത സംഘം രൂപീകരിച്ചു.

കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ 19 സബ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കും. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ പൊതുജനങ്ങള്‍ ഉള്‍പ്പെടെ എല്ലാവരുടെയും സഹകരണവും കൂട്ടായ്മയും അനിവാര്യമാണെന്നും മന്ത്രി വി. ശിവന്‍കുട്ടി യോഗത്തില്‍ പറഞ്ഞു.

ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം എല്‍ എമാരായ ആന്റണി രാജു, ജി സ്റ്റീഫന്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ പി കെ രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍, ജില്ലാ കളക്ടര്‍ അനു കുമാരി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *