ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ സെമിനാറുംബോധവത്ക്കരണ ഫ്ലാഷ് മോബും സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസും (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യവും സംയുക്തമായി കാഞ്ഞങ്ങാട് വ്യാപാരഭവന്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടി കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ.വി സുജാത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ കാര്യ സ്ഥിരം സമതി അധ്യക്ഷ കെ.സരസ്വതി അധ്യക്ഷത വഹിച്ചു. ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.രഞ്ജിത്ത്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എ. രാഘവന്‍, ഡെപ്യുട്ടി ജില്ലാ എഡ്യുക്ഷന്‍ ആന്‍ഡ് മീഡിയാ ഓഫീസര്‍ എന്‍.പി പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ബി സന്തോഷ് സ്വാഗതവും ഡെപ്യൂട്ടി ഡിസ്ട്രിക്ട് എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എസ്.സയന നന്ദിയും പറഞ്ഞു.
പരിപാടിയുടെ ഭാഗമായി എം.എല്‍.എസ്.പി ജീവനക്കാര്‍ക്കായി നടത്തിയ ബോധവത്കരണ സെമിനാറില്‍ എന്‍.സി.ഡി അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ.പ്രസാദ് തോമസ്, നീലേശ്വരം താലൂക്ക് ആശുപത്രി ഡയറ്റിഷ്യന്‍ മൃദുല അരവിന്ദ് എന്നിവര്‍ ക്ലാസ്സെടുത്തു. ബോധവത്ക്കരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഗവ.നേഴ്സിംങ് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഫ്ലാഷ് മോബ് കാഞ്ഞങ്ങാട് പഴയ ബസ്സ്റ്റാന്റ് പരിസരത്ത് അരങ്ങേറി. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുന്ന ഒരു രോഗാവസ്ഥയാണ് പ്രമേഹം. രോഗനിര്‍ണയം നടത്തി നിയന്ത്രണ വിധേയമാക്കിയില്ലെങ്കില്‍ വൃക്കരോഗം, ഹൃദ്രോഗം, ന്യുറോപതി തുടങ്ങിയ മറ്റനുബന്ധ രോഗങ്ങള്‍ക്ക് കാരണമാകും.
പ്രമേഹം ഒഴിവാക്കാന്‍ പാലിക്കേണ്ട ശീലങ്ങള്‍
ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ പാലിക്കുക, പച്ചക്കറികളും ഇലക്കറികളും നിറയെ ഭക്ഷണത്തില്‍ ഉള്‍പെടുത്തുക. ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ വളരെ കുറച്ച് എണ്ണ മാത്രം ഉപയോഗിച്ച് പാകം ചെയ്യുക ) ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക. സ്ഥിരമായി വ്യായാമ മുറകള്‍ പാലിക്കുക. പുകവലി മദ്യപാനം മുതലായ അനാരോഗ്യകരമായ ശീലങ്ങള്‍ ഒഴിവാക്കുക. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളായ ഐസ് ക്രീം, കേക്ക്, മധുര പലഹാരങ്ങള്‍, മിട്ടായി, കൃത്രിമ മധുര പാനീയങ്ങള്‍ എന്നിവയുടെ തുടര്‍ച്ചയായ ഉപയോഗം ,എണ്ണയില്‍ പൊരിച്ച ഭക്ഷണ വസ്തുക്കള്‍ എന്നിവ ഒഴിവാക്കുക.
പ്രമേഹത്തെക്കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ലോകാരോഗ്യ സംഘടന, ഇന്റര്‍ നാഷണല്‍ ഡയബറ്റിക് ഫെഡറേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നവംബര്‍ 14ന് ലോക പ്രമേഹ ദിനമായി ആചരിച്ചു വരുന്നു. തടസ്സങ്ങള്‍ നീക്കാം വിടവുകള്‍ നികത്താം’ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം പ്രമേഹ രോഗം നേരത്തേ കണ്ടെത്തുന്നതിലും, ചികിത്സയിലും മാനേജ്മെന്റിലും ഉണ്ടായേക്കാവുന്ന തടസ്സങ്ങള്‍ നീക്കി രോഗബാധിതര്‍ക്ക് മികച്ച രീതിയിലുള്ള ജീവിത സാഹചര്യം ഉറപ്പാക്കുക എന്നതാണ് സന്ദേശം ഊന്നല്‍ നല്‍കുന്നത്. ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.വി രാംദാസ് അറിയിച്ചു.