നവതിയുടെ നിറവില്‍ ഷെയ്ക്ക് ഇബ്രാഹിം : മര്‍ച്ചന്റ് നേവി ക്ലബ് വീട്ടിലെത്തി ആദരിച്ചു

14 പേര്‍ വെന്തുമരിക്കുന്നതിന് ദൃക്‌സാക്ഷിയായ നാവികന്‍ –
3 മാസം ജപ്പാനിലെ തടവിലുമായി

പാലക്കുന്ന് : 65, 75 പിന്നിട്ട മുതിര്‍ന്ന കപ്പലോട്ടക്കാരോടൊപ്പം ഈ വര്‍ഷം മുതലാണ് കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ് 85 പിന്നിട്ട അംഗങ്ങളേയും ആ പട്ടികയില്‍ പെടുത്തി ആദരിക്കാന്‍ തുടങ്ങിയത്. ആ ആദരം കൈപ്പറ്റുന്ന ജില്ലയിലെ ആദ്യ നാവികനാണ് മാലാംകുന്ന് ടിടി റോഡിലെ ഷെയ്ക്ക് ഇബ്രാഹിം സാഹിബ്.
സാന്ത്വന ധന സഹായത്തോടൊപ്പം പുരസ്‌കാരവും പൊന്നാടയും നല്‍കുന്ന ചടങ്ങില്‍ പ്രായാധിക്യം മൂലം പങ്കെടുക്കാനാവാത്ത അദ്ദേഹത്തെ നേരിട്ട് വീട്ടിലെത്തിയാണ് മര്‍ച്ചന്റ് നേവി ക്ലബ് ആദരിച്ചത്. ജില്ലയില്‍ 90 പൂര്‍ത്തിയാകുന്ന ഏതാനും കപ്പലോട്ടക്കാരില്‍ ഒരാള്‍. 18-മത്തെ വയസ്സില്‍ കപ്പല്‍ ജോലിയില്‍ പ്രവേശിച്ചു. നാലര പതിറ്റാണ്ടിലേറെ ദൈര്‍ഘ്യമുള്ള കടല്‍ ജീവിത അനുഭവങ്ങള്‍ തുരുമ്പെടുക്കാത്ത മനസ്സിലെ ഓര്‍മയില്‍ നിന്നെടുത്ത് ക്ലബ് പ്രവര്‍ത്തകരുമായി അദ്ദേഹം പങ്ക് വെച്ചു. ജപ്പാനിലെ ഷാഷിബോ ഡോക്കില്‍ അറ്റകുറ്റ പണിക്കായി കയറ്റിയ, അദ്ദേഹം ജോലി ചെയ്യുന്ന കപ്പലില്‍ ഉണ്ടായ തീപിടിത്തത്തില്‍ 14 ജപ്പാന്‍കാര്‍ വെന്തെരിഞ്ഞ ദാരുണകാഴ്ചയ്ക്ക് ദൃക്‌സാക്ഷിയായിരുന്നു അദ്ദേഹം. 14 ജപ്പാന്‍കാര്‍ വെന്തുമരിച്ചുവെങ്കിലും ഇന്ത്യക്കാരായ കപ്പല്‍ ജീവനക്കാരില്‍ ഒരാള്‍ക്ക് പോലും പോറല്‍ ഏറ്റിരുന്നില്ല . അതില്‍ ദുരൂഹത സംശയിച്ച് അദ്ദേഹമടക്കം കപ്പലിലെ മുഴുവന്‍ ജീവനക്കാരെയും മൂന്ന് മാസം ജപ്പാനിലെ തടവിലിട്ട് ചോദ്യം ചെയ്ത അപൂര്‍വ കഥ അദ്ദേഹം വിവരിച്ചു. ദിനചര്യകള്‍ ഇപ്പോഴും പരസഹായമില്ലാതെ ചെയ്യുന്നുവെന്ന് ഭര്‍ത്താവിനെ പറ്റി ഭാര്യ ദില്‍ഷാദ് പറയുന്നു. മത്സ്യ മാംസാധികള്‍ നാളിതുവരെ രുചിച്ചിട്ടില്ലാത്ത നാവികന്‍.
പ്രതിമാസ വേതനമായി അന്ന് കിട്ടിയ 125 രൂപ സ്വരൂപിച്ച് വീടും സ്ഥലവും സ്വന്തമാക്കി. ഇപ്പോള്‍ ലക്ഷങ്ങള്‍ വേതനമായി കിട്ടിയിട്ടും പലര്‍ക്കും സമ്പാദ്യമില്ലെന്നതാണ് സ്ഥിതി.
മകന്‍ ആരിഫ് കപ്പലില്‍ ക്യാപ്റ്റന്‍ ആയിരുന്നു. ഇപ്പോള്‍ മരിടൈം സര്‍വ്വേയറായി
ഭാര്യയോടൊപ്പം ആസ്ട്രേലിയയില്‍ സ്ഥിരതാമസമാണ്.മറ്റു മക്കളായ രേഷ്മയും ആസിഫും വിവാഹിതരായി ഗള്‍ഫില്‍ ആണിപ്പോള്‍.
രാജ്യത്ത് ഒരിടത്തും ഇല്ലാത്ത സേവനമാണ് കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ് സീമെന്‍മാര്‍ക്ക് വേണ്ടി ചെയ്യുന്നതെന്ന് അദ്ദേഹം നന്ദിപൂര്‍വ്വം പറഞ്ഞുവെന്ന് ഭാരവാഹികളായ
പാലക്കുന്നില്‍ കുട്ടി, യു.കെ. ജയപ്രകാശ്, നാരായണന്‍ കുന്നുമ്മല്‍, കെ. പ്രഭാകരന്‍ എന്നിവര്‍ അറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള മുതിര്‍ന്ന 12 ജീവനക്കാരെയും ഈ സംഘം വീടുകളില്‍ ചെന്ന് സന്ദര്‍ശിച്ചു. പരിതോഷികമായി എല്ലാവര്‍ക്കും ടൂര്‍ ബാഗുകളും സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *