പെരിയ: സ്വാതന്ത്ര്യ സമര പോരാളിയും ഗോത്ര ജനതയുടെ വീര നായകനുമായ ഭഗവാന്‍ ബിര്‍സ മുണ്ടയുടെ ജന്മദിനം ഗോത്ര വര്‍ഗ്ഗ സ്വാഭിമാന ദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ആയമ്പാറ കാലിയടുക്കം പട്ടിക വര്‍ഗ്ഗ കോളനിയില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. വെസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ് പ്രൊഫ. വിന്‍സന്റ് മാത്യു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസമാണ് ബിര്‍സ മുണ്ടയെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടാന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തിന്റെ ഉയര്‍ച്ചക്കും മാറ്റങ്ങള്‍ കൊണ്ടുവരാനും വിദ്യാഭ്യാസം അനിവാര്യമാണ്.
ഹൊസ്ദുര്‍ഗ് റെയ്ഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ.പി. അബ്ദുള്‍ സലാം ലഹരി വിപത്ത് സംബന്ധിച്ചും വിദ്യാഭ്യാസ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സി.എ. ഗീത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിലും ക്ലാസ്സെടുത്തു. ലിംഗ്വിസ്റ്റിക്സ് വിഭാഗം അധ്യക്ഷന്‍ ഡോ. എസ്. തെന്നരശു, സോഷ്യല്‍ വര്‍ക്ക് വിഭാഗം അധ്യക്ഷന്‍ ഡോ. എം. നാഗലിങ്കം, വാര്‍ഡ് മെമ്പര്‍ കെ. ലത, ഊരുമൂപ്പന്‍ രാജന്‍, പ്രോഗ്രാം ചെയര്‍മാന്‍ ഡോ. ഗുജ്ജേട്ടി തിരുപ്പതി, കണ്‍വീനര്‍ ഡോ. ടി.കെ. അനീഷ് കുമാര്‍, ഡോ. മേരി വിനീത തോമസ്, ഡോ. സം നയ് ചിങ് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ബോധവത്കരണ തെരുവ് നാടകവും അരങ്ങേറി.