പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തില്‍ ലോകപ്രശസ്ത സാഹിത്യകാരന്‍ വില്യം ഷെയ്ക് സ്പിയറിന്റെ ഒഥല്ലോ അവതരിപ്പിച്ചു കൊണ്ട്കരിവെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.വി. ചന്ദ്രന്‍ മാഷ് നടത്തിയ പ്രഭാഷണം കഥാ പ്രസംഗം പോലെ ഹൃദ്യമായി.

പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തില്‍ ലോകപ്രശസ്ത സാഹിത്യകാരന്‍ വില്യം ഷെയ്ക് സ്പിയറിന്റെ ഒഥല്ലോ അവതരിപ്പിച്ചു കൊണ്ട് കരിവെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.വി. ചന്ദ്രന്‍ മാഷ് നടത്തിയ പ്രഭാഷണം കഥാ പ്രസംഗം പോലെ ഹൃദ്യമായി.
‘അപ്‌സരസ്സാണെന്റെ ഡെസ്ഡിമോണ…….’
സദ്‌സ്വഭാവത്തിന്‍ ദേവതയാണവള്‍…….ഹൃദ്യമായി ആടുകയും പാടുകയും ചെയ്യുന്ന തന്റെ പ്രിയതമയുടെ സൗന്ദര്യത്തെക്കുറിച്ച് കഥാ പ്രസംഗ ലോകത്തെ കുലപതി സാംബശിവന്റെ വരികള്‍ ആലപിച്ചു കൊണ്ടുള്ള പ്രഭാഷകന്റെ അവതരണം ശ്രോതാക്കളില്‍ ഗൃഹാതുരത്വം പടര്‍ത്തി.

ആറു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് രചിച്ച നാടകത്തിലെ പ്രമേയം ഇന്നും പ്രസക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭര്‍ത്താവ് ഭാര്യക്ക് സമ്മാനമായി നല്‍കുന്ന കൈലേസ് ജീവിതാവസാനം വരെ പവിത്രതയോടെ സൂക്ഷിക്കണമെന്നതാണ് വെനീസിലെ നാട്ടു നിയമം. സര്‍വ സൈന്യാധിപനായി വളര്‍ന്ന അടിമ വംശജനായ ഒഥല്ലോയുടെ തകര്‍ച്ച ആഗ്രഹിച്ച അസൂയാലുവായ ഈയാഗോ ഒഥല്ലോ – ഡെസ്ഡി മോണിയ ബന്ധത്തില്‍ കരിനിഴല്‍ വീഴ്ത്താന്‍ കൈലേസിനെ കരുവാക്കി. ഡെസ്ഡി മോണിയയുടെ മുറിയില്‍ രഹസ്യമായി പ്രവേശിച്ച ഈയാഗോ കൈലേസ് കൈക്കലാക്കി. ഒഥല്ലോയുടെ വിശ്വസ്തനായ കാഷ്യോയുടെ മുറിയില്‍ വെക്കുന്നു. കൈലേസ് അന്വേഷിച്ച് പോകുന്ന ഒഥെല്ലോ അത് കാഷ്യോയുടെ മുറിയില്‍ കണ്ടെത്തുന്നതാണ് നാടകത്തിലെ പ്രധാന വഴിത്തിരിവ്. പ്രിയതമയെ ജീവനോളം സ്‌നേഹിച്ച ഒഥല്ലോക്ക് നിമിഷ നേരം കൊണ്ട് അവള്‍ വെറുക്കപ്പെട്ടവളായി. ആരോപണങ്ങളുടെ നേരറിയാതെ നുണയുടെ കെണിയില്‍ കുടുങ്ങുന്ന ഒഥല്ലോ മാരെ നമ്മുടെ നാട്ടില്‍ ഇന്നും കാണാന്‍ കഴിയും.

നേരും നുണയും തിരിച്ചറിയാത്ത വര്‍ത്തമാനകാലത്ത് നാടകത്തിലെ കഥാ പാത്രങ്ങള്‍ ഇന്നും ജീവിക്കുന്നു വെന്ന് അദ്ദേഹം പറഞ്ഞു. ഭാവി ലോകത്തെ പ്രവാചകന്മാരാണ് സാഹിത്യകാരന്മാര്‍ എന്ന മഹദ് മൊഴിയെ ശരിവെക്കുന്നതാണ് ഷെയ്ക് സ്പിയര്‍ നാടകങ്ങളെന്ന് ചന്ദ്രന്‍ മാഷ് പറഞ്ഞു. വി.വി. ഭാസ്‌കരന്‍ വി. ശാന്ത ദമ്പതികളുടെ വീട്ടുമുറ്റത്ത് നടന്ന ചടങ്ങില്‍ ശശിധരന്‍ ആലപ്പടമ്പന്‍ അധ്യക്ഷനായി. വി.വി. പ്രദീപന്‍, കൊടക്കാട് നാരായണന്‍, കൂക്കാനം റഹ് മാന്‍ , ശോഭ കല്ലത്ത്, കെ.പി. രമേശന്‍, വി. സുനില്‍, കെ. രാജീവന്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *