കുതിച്ചുകയറി വെളുത്തുള്ളി വില

കോട്ടയം: രണ്ടുമാസം മുന്‍പ് 380 രൂപയായിരുന്ന വെളുത്തുള്ളിക്ക് വില 440 കടന്നു. ഇപ്പോള്‍ 380 മുതല്‍ 400 രൂപ വരെയായി കേരളത്തിലെ മൊത്തവില. ആറുമാസം മുന്‍പ് 250 രൂപയില്‍ താഴെയായിരുന്നു വില. രാജസ്ഥാന്‍, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഉത്പാദനം മുന്‍ വര്‍ഷത്തെക്കാള്‍ കുറഞ്ഞതാണ് വില ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.

രാജസ്ഥാന്‍, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍നിന്നാണ് കൂടുതലായും വെളുത്തുള്ളി എത്തുന്നത്. രാജസ്ഥാനിലെ കോട്ട മാര്‍ക്കറ്റിലാണ് ഏറ്റവുമധികം വെളുത്തുള്ളി വ്യാപാരം നടക്കുന്നത്. ഇവിടെ 360 രൂപയ്ക്കു മുകളിലാണ് ഒരു കിലോ വെളുത്തുള്ളിയുടെ വില. കഴിഞ്ഞ വിളവെടുപ്പ് സമയത്തുണ്ടായ മഴയും പിന്നീട് ചൂട് കൂടിയതുമാണ് ഉത്പാദനം കുറയാന്‍ കാരണം.

വിത്തിനായി ശേഖരിക്കുന്ന ഊട്ടി വെളുത്തുള്ളിക്ക് വില 400-600 രൂപയ്ക്കു മുകളില്‍ എത്തിയതും കര്‍ഷകര്‍ക്ക് വെല്ലുവിളിയായി. ഊട്ടി, കൊടൈക്കനാല്‍ മേഖലയില്‍നിന്നുള്ള വലുപ്പം കൂടിയ ഹൈബ്രിഡ് വെളുത്തുള്ളിയാണ് വിത്തിനായി കൂടുതലായും ഉപയോഗിക്കുന്നത്. കര്‍ഷകര്‍ നേരിട്ട് വാങ്ങുകയാണ് പതിവ്. മേട്ടുപ്പാളയത്തുനിന്ന് ഇവ നേരിട്ട് ഉത്തരേന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനാല്‍ ഇതിന് വില്‍പ്പനയില്ല. ചെറിയ ശതമാനം കര്‍ഷകര്‍ മാത്രമാണ് ഇത് വില്‍ക്കുന്നത്. പുതുകൃഷി ആരംഭിച്ചെങ്കിലും നാലര മാസത്തിനു ശേഷമേ വിളവെടുപ്പിന് പാകമാകൂ. ഏപ്രില്‍ വരെ വില കുറയാന്‍ സാധ്യതയില്ലെന്ന് കര്‍ഷകരും മൊത്ത വ്യാപാരികളും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *