ചെന്നൈ: ചെന്നൈ മെട്രോയ്ക്കായി 70 ഡ്രൈവറില്ലാ തീവണ്ടികള്‍ കൂടി അനുവദിക്കും. ഇതിനായി 3,600 കോടി രൂപയുടെ ടെന്‍ഡര്‍ മെട്രോ റെയില്‍വേ അധികൃതര്‍ ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡിന് (ബെമല്‍) നല്‍കി. ഡ്രൈവറില്ലെങ്കിലും തീവണ്ടിയില്‍ യാത്രക്കാരുടെ പരാതികള്‍ പരിഹരിക്കാന്‍ ജീവനക്കാരുണ്ടാകും. ഒരു ട്രിപ്പില്‍ 1000 പേരെ വരെ തീവണ്ടിയില്‍ ഉള്‍ക്കൊള്ളാം. 36 തീവണ്ടികള്‍ നിര്‍മ്മിക്കാനുള്ള ആദ്യകരാര്‍ ആന്ധ്രാപ്രദേശിലെ ശ്രീ സിറ്റിയിലെ അല്‍സ്റ്റോം കമ്ബനിയ്ക്ക് നല്‍കിയിരുന്നു. അല്‍സ്റ്റോം നിര്‍മ്മിച്ച ആദ്യ ഡ്രൈവറില്ലാ തീവണ്ടി കഴിഞ്ഞമാസം ചെന്നൈ മെട്രോ റെയില്‍വേയ്ക്ക് കൈമാറി. പൂനമല്ലിയിലെ മെട്രോ റെയില്‍വേയുടെ യാര്‍ഡില്‍ പരീക്ഷണഓട്ടം നടത്തുന്നുണ്ട്.
ലൈറ്റ് ഹൗസില്‍നിന്ന് പൂനമല്ലി ബൈപ്പാസ് വരെയും (26.1 കിലോമീറ്റര്‍) മാധാവരം മില്‍ക്ക് കോളനിയില്‍നിന്ന് സെറുശ്ശേരി സിപ്പ്‌കോട്ട് (45.8 കിലോമീറ്റര്‍) വരെയും മാധാവരം മുതല്‍ ഷോളിങ്കനല്ലൂര്‍ വരേയും (47 കിലോമീറ്റര്‍) ആണ് നിര്‍മ്മാണം. മാധാവരം മില്‍ക്ക് കോളനി-സെറുശ്ശേരി സിപ്‌ക്കോട്ട് റൂട്ടില്‍ എഴുപതും ലൈറ്റ് ഹൗസ് മുതല്‍ പൂനമല്ലി ബൈപ്പാസ് വരെയുള്ള റൂട്ടില്‍ ഇരുപത്തി ആറും മാധാവരം മുതല്‍ ഷോളിങ്കനല്ലൂര്‍ വരെയുള്ള റൂട്ടില്‍ നാല്പത്തിരണ്ടും ഡ്രൈവറില്ലാ മെട്രോ തീവണ്ടികളാണ് സര്‍വീസ് നടത്തുക.