എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സായ്ട്രസ്റ്റ് എന്‍മകജെയില്‍ നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ വിതരണത്തിനായി ജില്ലാ ഭരണസംവിധാനത്തിന് കൈമാറി

സായ് ട്രസ്റ്റ് എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ കുടുംബങ്ങള്‍ക്കായി എന്‍മകജെയില്‍ നിര്‍മ്മിച്ച 36 വീടുകളുടെ താക്കോലുകള്‍ ഗുണഭോക്താക്കള്‍ക്ക് വിതരണത്തിനായി സായ് ട്രസ്റ്റ് രക്ഷാധികാരി അഡ്വ. കെ.മധുസൂദനന്‍ കൈമാറി. ജില്ലാ ഭരണസംവിധാനത്തിന് വേണ്ടി എ.ഡി.എം കെ.നവീന്‍ ബാബു താക്കോലുകള്‍ സ്വീകരിച്ചു. കൈപറ്റിയതിന്റെ രേഖകള്‍ കൈമാറി.

എന്‍മകജെ സായി ഗ്രാമത്തില്‍ നിര്‍മിച്ച മുഴുന്‍ വീടുകളും പൂര്‍ണ്ണമായും താമസയോഗ്യമാണെന്നും വീടുകളിലേക്ക് ടാര്‍ ചെയ്ത റോഡ് സൗകര്യവും കുടിവെള്ള കറന്റ് കണക്ഷനുകളും നല്‍കിയിട്ടുണ്ടെന്നും അഡ്വ. മധുസൂദനന്‍ പറഞ്ഞു. വാതിലുകള്‍ പഴകിയവ മാറ്റി തടികൊണ്ടുള്ള മികച്ച വാതിലുകളാണ് വീടുകള്‍ക്കായി നല്‍കിയത്.

ഓരോ കുടുംബത്തിനും അഞ്ച് സെന്റ് ഭൂമി തിരിച്ച് നല്‍കിയിട്ടുണ്ട്. 500 ലിറ്റര്‍ സംഭരണ വാട്ടര്‍ടാങ്ക് വീടുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. ജലജീവന്‍ മിഷന്‍ ജല ലഭ്യത ഉറപ്പാക്കി. സിറ്റ് ഔട്ട്, ഹാള്‍, ഡബിള്‍ ബെഡ്‌റൂം, അറ്റാച്ച്ഡ് ബാത്ത്‌റൂം, അടുക്കള, പുകയില്ലാത്ത അടുപ്പ് എന്നീ സൗകര്യങ്ങളാണ് വീടുകളിലുള്ളത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള വീടുകളായതിനാല്‍ വീല്‍ചെയറുകള്‍ ഉപയോഗിക്കാന്‍ സൗകര്യമുള്ള റാമ്പ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. സായ്ട്രസ്റ്റ് ജില്ലാ സെക്രട്ടറി എച്ച്. ഉഷ,് ട്രസ്റ്റ് ജീവനക്കാരനായ ഉണ്ണികൃഷ്ണന്‍, എന്‍ഡോസള്‍ഫാന്‍ സെല്‍ ഹെഡ്ക്ലര്‍ക്ക് സജിത്ത് എസ് നായര്‍ പങ്കെടുത്തു.

നവീകരിച്ച വീടുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഡിസംബര്‍ നാല് തിങ്കളാഴ്ച രാവിലെ 11ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാകളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരും. യോഗത്തില്‍ 36 ഗുണഭോക്താക്കളും ഉദ്യോഗസ്ഥരും പങ്കെടുക്കും

Leave a Reply

Your email address will not be published. Required fields are marked *