വഖഫ് വിഷയത്തില്‍ സഭയെ തെറ്റിദ്ധരിപ്പിക്കാന്‍ ലീഗ് ശ്രമം : വി.മുരളീധരന്‍

ബിജെപിയുടെ പ്രതിഷേധത്തിര മുന്‍ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തു

മുസ്ലീം ലീഗ് നേതാക്കള്‍ ബിഷപ്പുമാരെ സന്ദര്‍ശിച്ചാല്‍ വഖഫ് പ്രശ്‌നം അവസാനിക്കില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. സഭാ നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ലീഗിന്റെ ശ്രമം വിലപ്പോവില്ല. രാജ്യത്തെ സാധാരണ മനുഷ്യന്റെ തലയ്ക്ക് മുകളില്‍ തൂങ്ങിക്കിടക്കുന്ന ഡെമോക്ലീസിന്റെ വാളാണ് വഖഫ് നിയമം. വഖഫ് നിയമഭേദഗതിയെ ന്യൂനപക്ഷ അവകാശങ്ങളുമായി കൂട്ടിക്കുഴയ്ക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും ജനങ്ങളെ വഞ്ചിക്കുകയാണെന്നും വി.മുരളീധരന്‍ പറഞ്ഞു. ബിജെപി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധത്തിര ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.മുരളീധരന്‍.

ആരെയും ഇറക്കിവിടില്ല എന്നാണ് പിണറായി വിജയന്‍ പറയുന്നത്. ഇത് ആരുടേയും ഔദാര്യത്തിന്റെ വിഷയമല്ലെന്നും അവകാശ പ്രശ്‌നമെന്നും വി.മുരളീധരന്‍ പ്രതികരിച്ചു പറഞ്ഞു. ദേശാഭിമാനിയില്‍ മന്ത്രി അബ്ദുറഹ്‌മാന്‍ എഴുതിയ ലേഖനം സര്‍ക്കാരിന്റെ നിലപാടാണോ എന്ന് പിണറായി വിജയന് വ്യക്തമാക്കണം. ഇസ്‌ളാം മതനിയമം നടപ്പാക്കണം എന്നാണ് മന്ത്രിയുടെ അഭിപ്രായം. മുഖ്യമന്ത്രിയെ വിശ്വസിക്കണമെങ്കില്‍ വഖഫ് ഭീകരതയെ അനുകൂലിക്കുന്ന വി.അബ്ദുറഹ്‌മാനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും വി.മുരളീധരന്‍ പറഞ്ഞു.

എറണാകുളം വാഴക്കാലയില്‍ സിപിഎം നേതാവ് അസൈനാര്‍ കൈവശം വച്ചിരിക്കുന്ന വഖഫ് ഭൂമിയുടെ കാര്യത്തില്‍ വഖഫ് ബോര്‍ഡ് നിശബ്ദത പാലിക്കുന്നു. ഇത് സിപിഎമ്മിന്റെ അവസരവാദത്തിന്റെ തെളിവാണ്. പാവങ്ങളുടെ ഭൂമി മാത്രമാണ് പിടിച്ചെടുക്കാന്‍ നീക്കം നടക്കുന്നതെന്ന് മുന്‍ കേന്ദ്രമന്ത്രി പറഞ്ഞു. വഖഫിന്റെ പേരില്‍ തടിച്ചുകൊഴുത്തവരെ സംരക്ഷിക്കുകയാണ് പിണറായി വിജയനും കൂട്ടരും ചെയ്യുന്നത്.

മുനമ്പത്തെ പാവപ്പെട്ട മല്‍സ്യത്തൊഴിലാളികള്‍ക്കൊപ്പമാണെങ്കില്‍ വഖഫ് ആക്ട് ഭേദഗതിക്കെതിരെ നിയമസഭയില്‍ പാസാക്കിയ പ്രമേയം പിന്‍വലിക്കണമെന്ന് വി.ഡി സതീശനും കോണ്‍ഗ്രസും ആവശ്യപ്പെടുമോ എന്നും മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ ചോദിച്ചു. സിപിഎം വഖഫിനും മതതീവ്രവാദികള്‍ക്കും ഒപ്പമാണ്. കോണ്‍ഗ്രസ് ശരിക്കും എവിടെയാണെന്ന് എറണാകുളം ജില്ലക്കാരന്‍ കൂടിയായ വി.ഡി സതീശന്‍ വ്യക്തമാക്കണമെന്നും വി.മുരളീധരന്‍ ആവശ്യപ്പെട്ടു.

മുനമ്പത്ത് മതവിദ്വേഷം തീര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നാണ് കോണ്‍ഗ്രസും ലീഗും പറയുന്നത്. പാവപ്പെട്ടവരുടെ ഭൂമി കവര്‍ന്നെടുക്കുന്നതും കുടിയിറക്കുന്നതുമാണോ മതനിരപേക്ഷതയെന്നും വി.മുരളീധരന്‍ ചോദിച്ചു. വഖഫ് ഭീകരതയ്‌ക്കെതിരായ പോരാട്ടം ബിജെപി കേരളത്തില്‍ മാത്രമല്ല, രാജ്യത്തുടനീളം തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *