കേരളത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്ന സേനാംഗങ്ങളാണ് ലോട്ടറി വില്‍പനക്കാര്‍; എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ

കേരളത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്ന സേനാംഗങ്ങളാണ് ലോട്ടറി വില്‍പനക്കാരെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണം ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേമനിധിയില്‍ നിന്നും വിദ്യാഭ്യാസ ധനസഹായം, സൗജന്യ യൂണിഫോം, ബീച്ച് കുട, ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര സ്‌കൂട്ടര്‍, വിവാഹ ധനസഹായം, പ്രസവ ധന സഹായം, ചികിത്സാ ധനസഹായം, മരണാനന്തര ധന സഹായം, ഓണം ബോണസ്, പെന്‍ഷന്‍, ഫാമിലി പെന്‍ഷന്‍ തുടങ്ങി വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്നും മികച്ച പ്രവര്‍ത്തനമാണ് ഭാഗ്യക്കുറി ക്ഷേമനിധി കാഴ്ച വെക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു. സര്‍ക്കാര്‍ നല്‍കുന്ന യൂണിഫോം ഇട്ട് പ്രവര്‍ത്തിക്കുമ്പോള്‍ സമൂഹത്തില്‍ അഭിമാന ബോധവും നല്‍കും.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ഭാഗ്യക്കുറി ഏജന്റ് മാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡ് അംഗം വി.ബാലന്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാനത്ത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ലോട്ടറി വില്‍പ്പനക്കാര്‍ക്ക് വീട് വെച്ച് നല്‍കുന്ന പ്രവര്‍ത്തനവുമായി ക്ഷേമനിധി മുന്നോട്ട് പോവുകയാണെന്നും പെന്‍ഷന്‍കാര്‍ക്കുള്‍പ്പെടെ യൂണിഫോം നല്‍കുന്നുണ്ടെന്നും വി.ബാലന്‍ പറഞ്ഞു. രണ്ട് ജോഡി യൂണിഫോമുകളാണ് കച്ചവടക്കാര്‍ക്ക് നല്‍കുന്നത്. എ.ഡി.എം പി.അഖില്‍ വിശിഷ്ടാതിഥിയായി. ഭാഗ്യക്കുറി ക്ഷേമനിധി സംസ്ഥാന വെല്‍ഫെയര്‍ ഓഫീസര്‍ നൗഷാദ്, ലോട്ടറി ഏജന്റുമാരുടെയും കച്ചവടക്കാരുടെയും സംഘടനാ പ്രതിനിധികളായ ഇ. കുഞ്ഞിരാമന്‍, കെ.എം ശ്രീധരന്‍, പി.വി ഉമേശന്‍, മധുസൂദനന്‍ നമ്പ്യാര്‍, വി.ബി സത്യനാഥന്‍, എന്‍.കെ ബിജുമോന്‍, എം.ആര്‍ രാജേഷ്, അര്‍ജുനന്‍ തായലങ്ങാടി, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എം.കെ രജിത്ത് കുമാര്‍ സ്വാഗതവും ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ എം.വി രാജേഷ് കുമാര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *