സംസ്ഥാനത്തിന്റെ കേന്ദ്ര ധനസഹായമുള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ എം പിമാര്‍ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്കു വേണ്ടി പാര്‍ലമെന്റിലുള്‍പ്പെടെ നിലപാട് സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൈക്കാട് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനു മുന്നോടിയായി മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത എം പിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിനു ലഭിക്കുന്ന കേന്ദ്ര വിഹിതവും ഗ്രാന്റും വലിയതോതില്‍ കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ നമുക്ക് 24,000 കോടി രൂപയുടെ സ്‌പെഷ്യല്‍ പാക്കേജ് അനുവദിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നമ്മുടെ കടമെടുപ്പ് പരിധി 3.5 ശതമാനമായി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 15-ാം ധനകാര്യ കമ്മീഷന്‍ വകയിരുത്തിയ തുകയും, എന്‍ എച്ച് എമ്മിന്റെ ഭാഗമായി അനുവദിക്കാനുള്ള തുകയും, യു ജി സി ശമ്പളപരിഷ്‌ക്കരണ കുടിശ്ശികയും ഒന്നും കേന്ദ്ര സര്‍ക്കാര്‍ ഇനിയും ലഭ്യമാക്കിയിട്ടില്ല.
ഈയൊരു സാഹചര്യം നിലനില്‍ക്കെയാണ് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായത്. അതിനും കേന്ദ്രത്തില്‍ നിന്നു പ്രത്യേക ധനസഹായമൊന്നും നമുക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ഇത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുന്നു.
ദുരന്തമുണ്ടായ ഉടനെ തന്നെ ആര്‍മി, നേവി, കോസ്റ്റ് ഗാര്‍ഡ്, ദുരന്ത പ്രതികരണ സേന എന്നിവയുടെ എല്ലാം സഹായം നമുക്കു ലഭ്യമായി. അതാകട്ടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിനും ഗതാഗത സൗകര്യങ്ങള്‍ അതിവേഗത്തില്‍ പുനഃസ്ഥാപിക്കുന്നതിനും വളരെ സഹായകരമാവുകയും ചെയ്തു. അവയോടെല്ലാം ഉള്ള നന്ദി സംസ്ഥാനം ഔദ്യോഗികമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സഹകരണവും വിവിധ സേനകളെ ലഭ്യമാക്കുന്നതിലും ഏകോപിപ്പിക്കുന്നതിലും എടുത്ത നേതൃത്വവും പാര്‍ലമെന്റില്‍ അഭിനന്ദിക്കുന്നത് ഉചിതമാവും. അതേസമയം, കേരളത്തിന് അര്‍ഹമായ ദുരന്തസഹായം വൈകുന്നതിലുള്ള അസംതൃപ്തി അറിയിക്കുകയും വേണം.
ജൂലൈ 30 ന് പുലര്‍ച്ചെയാണ് വയനാട് മേപ്പാടി പഞ്ചായത്തില്‍ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, പുഞ്ചിരിമട്ടം, കുഞ്ഞോം എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായിരുന്നു അത്. അതുകൊണ്ടാണ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കേന്ദ്ര സംഘം വന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുകയും അവലോകനം നടത്തുകയും ചെയ്തത്. അതിനു തൊട്ടുപുറകെ ആഗസ്റ്റ് 10 ന് പ്രധാനമന്ത്രി തന്നെ നേരിട്ട് ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. കേന്ദ്ര സംഘത്തിനു മുമ്പാകെയും പ്രധാനമന്ത്രിയുടെ മുമ്പാകെയും ദുരന്തത്തിന്റെ പശ്ചാത്തലത്തിലെ നമ്മുടെ ആവശ്യങ്ങള്‍ കൃത്യമായി അവതരിപ്പിച്ചിരുന്നു.
ആഗസ്റ്റ് 17 നു തന്നെ ദുരന്തത്തില്‍ ഉണ്ടായ നഷ്ടവും ദേശീയ ദുരന്ത പ്രതികരണനിധിയുടെ (എന്‍ ഡി ആര്‍ എഫ്) മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി കേരളത്തിന് ആവശ്യപ്പെടാവുന്ന തുകയും ഇനംതിരിച്ച് തയ്യാറാക്കി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നിവേദനം നല്‍കുകയും ചെയ്തു. പ്രതീക്ഷിക്കുന്ന ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളുമടക്കം ഉള്‍പ്പെടുത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 1,202 കോടി രൂപയുടെ പ്രാഥമിക സഹായമാണ് ആവശ്യപ്പെട്ടത്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു ശേഷം നൂറു ദിവസത്തിലധികവും മെമ്മോറാണ്ടം സമര്‍പ്പിച്ചിട്ട് മൂന്ന് മാസത്തിലധികവും കേന്ദ്ര സംഘം വന്നുപോയിട്ട് മാസങ്ങളുമായിട്ടും അനുകൂല നിലപാടുണ്ടായില്ല. മറ്റ് പല സംസ്ഥാനങ്ങള്‍ക്കും അവര്‍ രേഖാമൂലം ആവശ്യപ്പെടാതെ തന്നെ സഹായം നല്‍കിയിട്ടുണ്ട്. എന്നിട്ടും പ്രത്യേക ധനസഹായമായി ഒരു രൂപാ പോലും കേരളത്തിന് ഇതുവരെ ലഭിച്ചിട്ടില്ല.
എന്നാല്‍ ഇതിനോടകം, എസ് ഡി ആര്‍ എഫില്‍ നിന്നും സി എം ഡി ആര്‍ എഫില്‍ നിന്നുമായി അടിയന്തിര സഹായമായും ശവസംസ്‌കാരത്തിനുള്ള സഹായമായും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള സഹായമായും ചികിത്സാ സഹായമായും ഉപജീവന സഹായമായും വീട്ടുവാടകയായും ഒക്കെ 25 കോടിയിലധികം രൂപ കേരളം അനുവദിച്ചിട്ടുണ്ട്. ഇതിനുപുറമെ മാതാപിതാക്കള്‍ മരണപ്പെട്ട കുഞ്ഞുങ്ങള്‍ക്കുള്ള പ്രത്യേക ധനസഹായം വനിത – ശിശുവികസന വകുപ്പിലൂടെ ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാനം ഇതൊക്കെ ചെയ്തപ്പോള്‍ പി എം എന്‍ ആര്‍ എഫില്‍ നിന്ന് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള സഹായമായും ഗുരുതര പരിക്കേറ്റവര്‍ക്കുള്ള ചികിത്സാ സഹായമായും ആകെ 3.31 കോടി രൂപ മാത്രമാണ് കേന്ദ്രം ലഭ്യമാക്കിയിട്ടുള്ളത്.
ദുരന്തബാധിത പ്രദേശത്തെ പുനര്‍നിര്‍മിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ – വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഉള്‍പ്പെടെ അടങ്ങുന്ന സമഗ്രമായ ഒരു ടൗണ്‍ഷിപ്പാണ് മേപ്പാടിയില്‍ നമ്മള്‍ വിഭാവനം ചെയ്തിരിക്കുന്നത്. നേരത്തെ നല്‍കിയ മെമ്മോറാണ്ടത്തിനു പുറമെ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്‌സ് അസസ്‌മെന്റ് നടത്തി വിശദമായ റിപ്പോര്‍ട്ട് നവംബര്‍ 13 ന് കേന്ദ്ര സര്‍ക്കാരിനു നല്‍കിയിട്ടുണ്ട്. റിക്കവറി ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ എസ്റ്റിമേറ്റായി മേപ്പാടിക്ക് 2,221 കോടി രൂപയും വിലങ്ങാടിന് 98.1 കോടി രൂപയുമാണ് കണക്കാക്കിയിട്ടുള്ളത്. ഈ എസ്റ്റിമേറ്റ് അംഗീകരിക്കപ്പെടേണ്ടതുണ്ട്.
കേന്ദ്രത്തിനു സമര്‍പ്പിച്ച നിവേദനത്തില്‍ മൂന്ന് പ്രധാന കാര്യങ്ങളാണ് നമ്മള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഒന്നാമത്തെ ആവശ്യം മേപ്പാടി-ചൂരല്‍മല ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡം അനുസരിച്ച് ‘Disaster of Severe Nature’ – അതായത് തീവ്രസ്വഭാവമുള്ള ദുരന്തം – ആയി പ്രഖ്യാപിക്കണം എന്നതായിരുന്നു. ഇത്തരത്തില്‍ പ്രഖ്യാപിച്ചാല്‍ പുനരധിവാസത്തിനായി വിവിധ അന്തര്‍ദേശീയ, ബഹുരാഷ്ട്ര സ്ഥാപനങ്ങളില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ തുക കണ്ടെത്താന്‍ ശ്രമിക്കാം. കൂടാതെ ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്നും കേരളത്തിനു സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാധ്യസ്ഥമാവുകയും ചെയ്യും.
രണ്ടാമത്തെ ആവശ്യം ദുരന്തനിവാരണ നിയമത്തിന്റെ 13-ാം വകുപ്പു പ്രകാരം ദേശീയ ദുരന്തനിവാരണ അതോറിറ്റിയില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ദുരന്തബാധിതരുടെ എല്ലാ കടങ്ങളും എഴുതിത്തള്ളണം എന്നതായിരുന്നു. അതിനും ഈ പ്രഖ്യാപനം വഴിയൊരുക്കുമായിരുന്നു. മൂന്നാമത്തെ ആവശ്യം മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ബാധിത മേഖലയ്ക്കായി ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്നും അടിയന്തര സഹായം അനുവദിക്കണം എന്നതായിരുന്നു.
ഈ മൂന്ന് ആവശ്യങ്ങളില്‍ ഒന്നിനുപോലും കേന്ദ്രം ഇതുവരെ അനുകൂലമായ ഒരു മറുപടി തന്നിട്ടില്ല. മേപ്പാടിയിലെ ദുരന്തത്തെ തീവ്രസ്വഭാവമുള്ള ദുരന്തമായി പ്രഖ്യാപിച്ചിട്ടില്ല. ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് അടിയന്തര സഹായം അനുവദിച്ചിട്ടില്ല. ദുരന്തബാധിതരുടെ ലോണുകള്‍ എഴുതിത്തള്ളിയിട്ടുമില്ല.
അതുകൊണ്ടുതന്നെ ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നമുക്ക് ഏറ്റവും പ്രധാനമായിട്ടുള്ളത് അടിയന്തര ധനസഹായം കേന്ദ്രത്തില്‍ നിന്ന് നേടിയെടുക്കുക എന്നതും നമ്മള്‍ സമര്‍പ്പിച്ചിട്ടുള്ള മെമ്മോറാണ്ടത്തിലെ ആവശ്യങ്ങള്‍ അനുവദിപ്പിക്കുക എന്നതും നമ്മുടെ റിക്കവറി ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ എസ്റ്റിമേറ്റ് അംഗീകരിപ്പിച്ചെടുക്കുക എന്നതുമാണ്. അതിന് കേരളത്തില്‍ നിന്നുള്ള എം പിമാരും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എം പിമാരായിട്ടുള്ള കേരളീയരും ഒറ്റക്കെട്ടായി നില്‍ക്കണം എന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളതെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.
ചൂരല്‍മലയിലെയും വിലങ്ങാട്ടിലെയും ഉരുള്‍പൊട്ടലുകളെ കലാമിറ്റി ഓഫ് സിവിയര്‍ നേച്ചര്‍ ആയി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ദുരന്തബാധിത പ്രദേശങ്ങളെ സഹായിക്കാനായി തങ്ങളുടെ എം പി ലാഡ് ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ വരെ ലഭ്യമാക്കാന്‍ കഴിയും. കേരളത്തില്‍ നിന്നുള്ള എല്ലാ ലോക്‌സഭ – രാജ്യസഭാംഗങ്ങളും ദുരന്തബാധിത പ്രദേശങ്ങളെ ഈ വിധത്തില്‍ സഹായിക്കാനായി മുന്നോട്ടുവരണം.
കേന്ദ്ര സര്‍ക്കാര്‍ ഇതിനെ തീവ്രസ്വഭാവമുള്ള ദുരന്തമായി പ്രഖ്യാപിച്ചാല്‍, രാജ്യത്താകെയുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ദുരന്തബാധിത പ്രദേശങ്ങളെ സഹായിക്കാനായി തങ്ങളുടെ എം പി ലാഡ് ഫണ്ടില്‍ നിന്നും 1 കോടി രൂപ വരെ ലഭ്യമാക്കാന്‍ കഴിയും. കേന്ദ്രം പറയുന്നത് കേരളത്തിന്റെ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ ഫണ്ടുണ്ട് എന്നാണ്. ധനകാര്യ കമ്മീഷന്റെ ശിപാര്‍ശ പ്രകാരം സാധാരണ ഗതിയില്‍ കേരളത്തിന് ലഭിക്കുന്ന ഫണ്ടാണത്. അല്ലാതെ, മേപ്പാടിയിലെ ദുരന്തത്തിന്റെ പശ്ചത്താലത്തില്‍ സവിശേഷമായി ലഭിച്ചതല്ല. അത്തരം വലിയ ദുരന്തങ്ങളെ നേരിടാന്‍ പര്യാപ്തമല്ല സാധാരണ നിലയ്ക്കുള്ള ഫണ്ട് വകയിരുത്തല്‍.
എസ് ഡി ആര്‍ എഫ് ഫണ്ടുകള്‍ ഉപയോഗിച്ചാണ് കേരളത്തില്‍ വര്‍ഷാവര്‍ഷം ഉണ്ടാകുന്ന ചെറുതും വലുതും ആയ വിവിധ ദുരന്തങ്ങളുടെ നിവാരണം നടത്തുന്നത്. ഓരോ വര്‍ഷവും ശരാശരി 400 കോടി രൂപയുടെ പ്രവൃത്തികള്‍ ആ നിധിയില്‍ നിന്നും നടത്തിവരുന്നുണ്ട്. റോഡുകള്‍, വീടുകള്‍, മരണങ്ങള്‍, എന്നിങ്ങനെ ദുരന്തങ്ങള്‍ മൂലം കേരളത്തില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ പ്രകാരമുള്ള സഹായം ആ നിധിയില്‍ നിന്നാണ് നല്‍കിവരുന്നത്. കണിശമായ മാനദണ്ഡങ്ങള്‍ പ്രകാരം മാത്രമേ ആ തുക വിനിയോഗിക്കുവാന്‍ കഴിയൂ.
വീട് നഷ്ടപ്പെട്ടാല്‍ എസ് ഡി ആര്‍ എഫിന്റെ മാനദണ്ഡങ്ങള്‍ പ്രകാരം ശരാശരി ഒന്നേകാല്‍ ലക്ഷം രൂപ മാത്രമേ ലഭ്യമാക്കാന്‍ കഴിയൂ. നമ്മള്‍ ഇവിടെ സി എം ഡി ആര്‍ എഫ് വിഹിതവും ചേര്‍ത്താണ് കുറഞ്ഞത് 4 ലക്ഷം രൂപ ലഭ്യമാക്കുന്നത്. നേരത്തെ സൂചിപ്പിച്ചതുപോലെ എല്ലാ സൗകര്യങ്ങളുമുള്ള ടൗണ്‍ഷിപ്പ് പണിയാനാണ് നമ്മള്‍ ലക്ഷ്യമിടുന്നത്. ഒരു വീടിന് 10 ലക്ഷം രൂപയിലധികം ചിലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ എസ് ഡി ആര്‍ എഫിലെ മാനദണ്ഡങ്ങള്‍ പ്രകാരം അത് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് ഈ ദുരന്തത്തെ അതിജീവിക്കാനായി നമുക്ക് പ്രത്യേക ധനസഹായം വേണമെന്ന് ആവശ്യപ്പെടുന്നത്. മറ്റ് ചില വിഷയങ്ങള്‍കൂടി ഉണ്ട്. മൂലധന നിക്ഷേപത്തിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതികളില്‍ 1,546.92 കോടി രൂപയുടെ വായ്പാ പദ്ധതികള്‍ക്കുള്ള സഹായം സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. അത് നേടിയെടുക്കേണ്ടതുണ്ട്. ബ്രാന്‍ഡിങ്ങിന്റെ പേരില്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട പല പദ്ധതികള്‍ക്കുമുള്ള ധനസഹായം അനുവദിക്കാത്തതും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വിഴിഞ്ഞം പദ്ധതിക്കായി 817.80 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ടായി അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഈ തുക പ്രീമിയം റവന്യൂ ഷെയറിങിലൂടെ തിരിച്ചടയ്ക്കണമെന്ന് ഇപ്പോള്‍ വ്യവസ്ഥ ചെയ്തിരിക്കുകയാണ്. ഭാവിയില്‍ അത് കേരളത്തിന് 12,000 കോടി രൂപയുടെ വരെ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്. വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥ മറ്റു സംസ്ഥാനങ്ങള്‍ക്ക് ബാധകവുമല്ല. അതുകൊണ്ടു തന്നെ വിഴിഞ്ഞത്തിനുള്ള വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടവ് വ്യവസ്ഥ ഒഴിവാക്കി ഗ്രാന്റായി തന്നെ ലഭ്യമാക്കേണ്ടതുണ്ട്.
എയിംസ് എന്ന നമ്മുടെ ദീര്‍ഘകാലത്തെ ആവശ്യം ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ല. കോഴിക്കോട്ടെ കിനാലൂരില്‍ 200 ഏക്കര്‍ സ്ഥലം എയിംസിനായി ഏറ്റെടുത്തിട്ടുണ്ട്. ഇവിടെ കുടിവെള്ളം, വൈദ്യുതി, ഗതാഗതം തുടങ്ങിയ എല്ലാ സൗകര്യങ്ങളും ലഭ്യമാണ്.
കണ്ണൂര്‍ വിമാനത്താവളം യാത്രക്കാര്‍ക്ക് പൂര്‍ണ്ണതോതില്‍ പ്രയോജനപ്പെടണം എന്നുണ്ടെങ്കില്‍ അതിന് പോയിന്റ് ഓഫ് കോള്‍ സ്റ്റാറ്റസ് ലഭിക്കേണ്ടതുണ്ട്.
സംസ്ഥാനത്തെ റെയില്‍വേ വികസനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. അങ്കമാലി – ശബരി, നിലമ്പൂര്‍ – നഞ്ചന്‍കോട്, തലശ്ശേരി – മൈസൂര്‍, കാഞ്ഞങ്ങാട് – കണിയൂര്‍ എന്നീ റെയില്‍പാതകള്‍ യാഥാര്‍ത്ഥ്യമാക്കേണ്ടതുണ്ട്. നേമം ടെര്‍മിനലും യാഥാര്‍ത്ഥ്യമാക്കേണ്ടതുണ്ട്.
വ്യാവസായിക പ്രാധാന്യം ഏറെയുള്ള കൊച്ചിയില്‍ ഗ്ലോബല്‍ സിറ്റി പദ്ധതി കേന്ദ്രവും സംസ്ഥാനവും 60:40 അനുപാതത്തില്‍ ഫണ്ട് ചെലവഴിക്കേണ്ടതാണ്. 620 കോടി രൂപയുടെ പദ്ധതിയാണ്. അതിന് അംഗീകാരം വങ്ങാന്‍ കഴിയേണ്ടതുണ്ട്.
പരിസ്ഥിതിലോല പ്രദേശങ്ങളുടെ വിജ്ഞാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനം സമര്‍പ്പിച്ച നിര്‍ദ്ദേശത്തിന് അംഗീകാരം നേടിയെടുക്കേണ്ടതുണ്ട്. പ്രദേശവാസികളുടെ ആശങ്കകള്‍ പൂര്‍ണ്ണതോതില്‍ പരിഹരിക്കുന്നതിന് ഒഴിച്ചുകൂടാനാവാത്തതാണത്.
2019 ലെ കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍ നോട്ടിഫിക്കേഷനില്‍ സി ആര്‍ ഇസഡ് 2 കാറ്റഗറിയില്‍ കേരളത്തിലെ 66 തീരദേശ പഞ്ചായത്തുകളെ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളു. നമ്മുടെ 109 തീരദേശ പഞ്ചായത്തുകളെ കൂടി സി ആര്‍ ഇസഡ് 2 കാറ്റഗറിയില്‍ ഉള്‍പ്പെടുത്തണം എന്ന സംസ്ഥാനത്തിന്റെ ആവശ്യം നേടിയെടുക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടതുണ്ട്. ഇത്തരം കാര്യങ്ങള്‍ നേടിയെടുക്കാന്‍ കൂട്ടായി ശ്രമിക്കണം എന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.