തിരുവനന്തപുരം അന്താരാഷ്ട്ര നിലവാരത്തിലുള്ള നഗരം: മന്ത്രി എം ബി രാജേഷ്

യു എന്‍ ഷാങ്ഹായ് അടക്കം ഒരു ഡസനോളം പുരസ്‌കാരങ്ങള്‍ നേടിയ തിരുവനന്തപുരം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ നഗരമായി മാറിയതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

തിരുവനന്തപുരം മാനവീയം വീഥിയില്‍ നടന്ന ചടങ്ങില്‍ നഗരസഭ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലഭ്യമാക്കുന്ന വൈദ്യുതി ഹോവര്‍-ഇലക്ട്രിക് സെല്‍ഫ് ബാലന്‍സിംഗ് സ്‌കൂട്ടറുകളുട കൈമാറ്റവും ഡ്രഗ്സ് കണ്‍ട്രോള്‍ കിറ്റുകളുടെ വിതരണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.യു എന്‍ ഷാങ്ഹായ് എന്ന അഭിമാനകരമായ പുരസ്‌കാരം ഇന്ത്യയില്‍ ആദ്യമായി നേടിയ നഗരമാണ് തിരുവനന്തപുരം. ഈ പുരസ്‌കാരം നേടിയ മറ്റ് നഗരങ്ങള്‍ മെല്‍ബണ്‍, ദോഹ എന്നിവയാണ് എന്നത് നേട്ടത്തിന്റെ വ്യാപ്തി ബോധ്യപ്പെടുത്തുന്നു.

ഈജിപ്റ്റില്‍ നടന്ന ചടങ്ങില്‍ യു എന്‍ സെക്രട്ടറി ജനറല്‍, ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി എന്നിവരുടെ സാന്നിധ്യത്തിലാണ് പുരസ്‌കാര ദാന ചടങ്ങ് നടന്നത് എന്നതും ശ്രദ്ധേയമാണ്. വിവിധ വെല്ലുവിളികളെ അതിജീവിച്ച് സ്മാര്‍ട്ട് സിറ്റി ഉള്‍പ്പെടെയുള്ള പദ്ധതികള്‍ കോര്‍പ്പറേഷന്‍ പൂര്‍ത്തീകരിച്ച് വരികയാണ്. സുരക്ഷാപരിശോധനയില്‍ ആധുനികവും മികച്ച സൗകര്യവുമുളള നഗരമായി മാറുന്നതിന്റെ ഭാഗമായാണ് വൈദ്യുതി ഹോവര്‍ പോലീസ് സേനക്ക് കൈമാറുന്നത്.ഇവ ശരിയായി വിനിയോഗിക്കാനും പരിപാലിക്കാനും സേനക്ക് കഴിയണം. എം എഡി എം എ അടക്കമുള്ള മയക്കുമരുന്നുകളുടെ ശരീരത്തിലെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിയുന്ന ഡ്രഗ്സ് കണ്‍ട്രോള്‍ കിറ്റ് ശാസ്ത്രീയ തെളിവിനും പരിശോധനക്കും സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍, ഡപ്യൂട്ടി മേയര്‍ പി കെ രാജു , സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *