കണ്ണൂര്‍: കരിവെള്ളൂരില്‍ പൊലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ദിവ്യശ്രീ ആണു കൊല്ലപ്പെട്ടത്. ഭര്‍ത്താവ് രാജേഷിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ഇന്ന് വൈകീട്ടാണ് സംഭവം. ദിവ്യശ്രീയുടെ വീട്ടിലെത്തിയാണ് രാജേഷ് കൊടുവാള്‍ ഉപയോഗിച്ചു വെട്ടിയത്. മുഖത്തും കഴുത്തിനും ഗുരുതരമായി പരിക്കേറ്റു. തടയാന്‍ ശ്രമിച്ച പിതാവിനും വെട്ടേറ്റിട്ടുണ്ട്. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ രാജേഷ് ഓടിരക്ഷപ്പെടുകയായിരുന്നു. ദിവ്യശ്രീയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ദിവ്യശ്രീയും രാജേഷും തമ്മില്‍ ദാമ്പത്യപ്രശ്നങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്നു കഴിഞ്ഞ കുറേനാളായി ഇരുവരും അകന്നുകഴിയുകയായിരുന്നുവെന്നാണു വിവരം.