സംസ്ഥാനത്ത് ഇന്ന് റെക്കോര്‍ഡ് വിലയില്‍ നിന്ന് താഴെയിറങ്ങി സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് ഒറ്റയടിക്ക് 800 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 46,280 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 100 രൂപ കുറഞ്ഞ്, 5,785 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണത്തിന്റെ വ്യാപാരം നടന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 47,080 രൂപയും, ഗ്രാമിന് 5,885 രൂപയുമായിരുന്നു നിരക്ക്. ഇതാദ്യമായാണ് സ്വര്‍ണവില 47,000 രൂപയ്ക്ക് മുകളില്‍ കടന്നത്.
ആഗോള തലത്തില്‍ സ്വര്‍ണവില ഇടിവിലേക്ക് പോയതോടെയാണ് ആഭ്യന്തര വിലയും അനുപാതികമായി ഇടിഞ്ഞത്. ട്രോയ് ഔണ്‍സിന് 81.10 ഡോളര്‍ താഴ്ന്ന്, 2,037.60 ഡോളര്‍ എന്നതാണ് ആഗോള വിപണിയിലെ നിരക്ക്. കഴിഞ്ഞ ദിവസങ്ങളില്‍ നിര്‍ണായക നിലവാരമായ 2,080 ഡോളര്‍ മറികടക്കാന്‍ സാധിച്ചിരുന്നെങ്കിലും, പിന്നീട് വില ഇടിയുകയായിരുന്നു. വന്‍കിട നിക്ഷേപകര്‍ നിലവില്‍ ലാഭമെടുപ്പ് നടത്തിയതോടെയാണ് ആഗോള വിപണിയില്‍ വില ഇടിഞ്ഞിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ആഗോള വിപണിയിലും ആഭ്യന്തര വിപണിയിലും സ്വര്‍ണവില പുതിയ റെക്കോര്‍ഡുകളാണ് സൃഷ്ടിച്ചിരിക്കുന്നത്.