ഉദിനൂര്‍: മംഗലംകളിയുടെ നാട്ടില്‍ നിന്നും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ബാനം ഗവ.ഹൈസ്‌കൂള്‍ സംസ്ഥാനതലത്തില്‍ മത്സരിക്കാന്‍ അര്‍ഹതനേടി. എട്ടു ടീമുകളാണ് മത്സരത്തില്‍ ഉണ്ടായിരുന്നത്. കാസര്‍കോട് ജില്ലയിലെ മാവില – മലവേട്ടുവ സമുദായത്തിന്റെ തനതുകലാരൂപമായ മംഗലംകളി ഇത്തവണയാണ് കലോത്സവ മാന്വലില്‍ ഉള്‍പ്പെടുത്തിയത്. തുടി താളത്തിനും പാട്ടിനുമൊത്ത് ചുവടുവച്ച് മത്സരാര്‍ത്ഥികള്‍ കാണികളുടെ മനം കവര്‍ന്നു. ഇരു സമുദായങ്ങളുടേയും ചുവടുകളും പാട്ടുകളും ചേര്‍ത്തായിരുന്നു അവതരണം. സുനില്‍ ബാനം, സുനിതസുനില്‍ എന്നിവരാണ് പരിശീലകര്‍. രാത്രി ഏറെ വൈകി നടന്ന മത്സരം കാണാന്‍ നിറഞ്ഞ സദസായിരുന്നു ഉണ്ടായിരുന്നത്.