കേരളത്തില്‍ നിന്നുളള നഴ്‌സുമാര്‍ക്ക് കാനഡയിലെ ന്യൂ ഫോണ്ട്‌ലന്‍ഡ് & ലാബ്രഡോര്‍ പ്രവിശ്യയില്‍ അവസരമൊരുക്കി നവംബര്‍ 27 മുതല്‍ ഡിസംബര്‍ 4 വരെ കൊച്ചിയില്‍ സംഘടിപ്പിച്ച നോര്‍ക്ക – കാനഡ റിക്രൂട്ട്‌മെന്റിന് വിജയകരമായ സമാപനം. വെളളിയാഴ്ചയും തിങ്കളാഴ്ചയും സ്‌പോട്ട് ഇന്റര്‍വ്യൂവിനും അവസരമൊരുക്കിയിരുന്നു. അഭിമുഖങ്ങളില്‍ പങ്കെടുത്തവരില്‍ 81 ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓഫര്‍ ലെറ്ററും കൈമാറി. ഇവര്‍ക്ക് കാനഡയിലെ ജീവിതരീതി. വീസ നടപടിക്രമങ്ങള്‍, സംസ്‌കാരം എന്നീ കാര്യങ്ങളില്‍ അവബോധമുണ്ടാക്കാനായി പ്രത്യേക ക്ലാസ്സും സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ നടന്ന ഓണ്‍ലൈന്‍ അഭിമുഖങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട 43 നഴ്‌സുമാര്‍ക്കുളള അവബോധക്ലാസ്സ് 26 നും നടത്തിയിരുന്നു.
കാനഡ എമിഗ്രേഷന്‍ മന്ത്രാലയത്തില്‍ നിന്നും രണ്ടും എന്‍.എല്‍ ഹെല്‍ത്ത് സര്‍വ്വീസസില്‍ നിന്നും ആറംഗങ്ങളും ഉള്‍പ്പെടെ എട്ടംഗ പ്രതിനിധിസംഘമാണ് അഭിമുഖങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് വിഭാഗം പ്രതിനിധികളുടെ മേല്‍നോട്ടത്തിലായിരുന്നു നടപടിക്രമങ്ങള്‍. NCLEX ( National Council Licensure Examination) യോഗ്യത നേടിയ നഴ്‌സുമാര്‍ക്ക് കാനഡയില്‍ നിരവധി അവസരങ്ങള്‍ ഉണ്ടെന്ന് പ്രതിനിധിസംഘം വ്യക്തമാക്കി. ഈ പശ്ചാത്തലത്തില്‍ സൗജന്യനിരക്കില്‍ നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തില്‍ NCLEX പരിശീലനവും സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ NICE അക്കാഡമിയുമായി ചേര്‍ന്നാണ് ക്ലാസ്സുകള്‍. ഇതു സംബന്ധിച്ച വിവരങ്ങള്‍ക്കായി +91-9567293831, +91-9061661119 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.