കാപ്പ കേസ് പ്രതിയെ പിടികൂടുന്നതിനിടെ ഒല്ലൂര്‍ എസ്എച്ച്ഒയ്ക്ക് കുത്തേറ്റു. ഇടതു തോളിന് കുത്തേറ്റ ടി പി ഫര്‍ഷാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചേരി സ്വദേശി അനന്തു മാരി ആണ് ആക്രമിച്ചത്. എസ്എച്ച്ഒയ്ക്ക് പുറമേ സിപിഒ ആയ വിപിന്‍ ദാസിനും കൂടി സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം.
ഒരു യുവാവിനെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് അനന്തു മാരി എന്ന പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ ഫര്‍ഷാദിന്റെ നേതൃത്വത്തിലുള്ള സംഘം എത്തുന്നത്. പൊലീസിനെ കണ്ട അനന്തുവും സുഹൃത്തുക്കളും ഇവരെ ആക്രമിക്കുകയായിരുന്നു. കയ്യിലുണ്ടായിരുന്ന കത്തിയുപയോഗിച്ച് എസ്എച്ച്ഒയുടെ തോളിന് കുത്തി. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നില സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തൃശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് അടക്കമുള്ളവര്‍ സ്ഥലത്തെത്തി. എസ്എച്ച്ഒക്ക് മൂന്ന് തവണ കുത്തേറ്റുവെന്ന് തൃശൂര്‍ റേഞ്ച് ഡിഐജി പറഞ്ഞു. എസ്എച്ച്ഒയുടെ ശസ്ത്രക്രിയ കഴിഞ്ഞുവെന്നും ആരോഗ്യവസ്ഥയില്‍ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അനന്ദു മാരിയുടെ പേരില്‍ വധ ശ്രമമടക്കം 13 കേസുകളുണ്ടെന്നും പറഞ്ഞു.
അനന്തു ഉള്‍പ്പടെ മുന്ന് പേരെ പൊലീസ് സംഭവ സ്ഥലത്ത് വച്ച് പിടികൂടിയിട്ടുണ്ട്. അതേസമയം, കത്തികുത്തിന് ശേഷം ആശുപത്രിയില്‍ എത്തിച്ച
അനന്ദു മാരി അക്രമാസക്തനായി. പോലീസിന് നേരെ അസഭ്യവര്‍ഷവും നടത്തി. ഇയാള്‍ മാരക ലഹരിക്ക് അടിമ എന്ന് പോലീസ് പറഞ്ഞു.