പൂച്ചക്കാട് ഗഫൂര്‍ ഹാജിയുടെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍.

കാഞ്ഞങ്ങാട് : പൂച്ചക്കാട് പ്രവാസി വ്യവസായി എംസി ഗഫൂര്‍ ഹാജിയുടെ മരണം കൊലപാതകം. മന്ത്രവാദിനിയായ യുവതി ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. മൂന്ന് സ്ത്രീകളാണ് പിടിയിലായവരിലുള്ളത്. കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ ഇവരുടെ ഭര്‍ത്താവ് ഉബൈസ് പൂച്ചക്കാട് സ്വദേശിനി അസ്നിഫ മധൂര്‍ സ്വദേശി ആയിഷ എന്നിവരാണ് പിടിയിലായത്.

2023 ഏപ്രില്‍ 14-ന് പുലര്‍ച്ചയാണ് പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂര്‍ ഹാജിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടുകാരുടെയും ബന്ധുക്കളുടെയും കൈയില്‍നിന്ന് ഗഫൂര്‍ ഹാജി വാങ്ങിയ 596 പവന്‍ ആഭരണങ്ങള്‍ കാണാനില്ലെന്ന് ഇതിനു പിറകെ വീട്ടുകാര്‍ക്ക് ബോധ്യപ്പെട്ടു. ഇതോടെ മരണത്തില്‍ സംശയമുയരുകയും ഹാജിയുടെ മകന്‍ മുസമ്മില്‍ ബേക്കല്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

ഉദുമ കൂളിക്കുന്നിലെ ഒരു യുവതിയെയും ഭര്‍ത്താവിനെയും സംശയമുണ്ടെന്ന് പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് മൃതദേഹം ഏപ്രില്‍ 28-ന് കബറിടത്തില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്‌തെങ്കിലും സംശയിക്കപ്പെടുന്ന ഒന്നും കണ്ടെത്തിയില്ല. ആദ്യം ബേക്കല്‍ ഡിവൈ.എസ്.പി.യും സംഘവുമാണ് കേസ് അന്വേഷിച്ചത്. പുരോഗതി ഉണ്ടാകാത്തതിനെത്തുടര്‍ന്ന് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് വിട്ടിരുന്നു. ഭാര്യയും മക്കളുമുള്‍പ്പെടെയുള്ളവര്‍ ബന്ധുവീട്ടിലായിരുന്ന ദിവസമാണ് ഗഫൂര്‍ മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *