ലഖ്നൌ: 16 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിജയ് മർച്ചൻ്റ് ട്രോഫിയിൽ കരുത്തരായ ഹൈദരാബാദിനെതിരെ കേരളത്തിന് ഒന്നാം ഇന്നിങ്സ് ലീഡ്. ത്രിദിന മത്സരത്തിൻ്റെ ആദ്യ ദിവസം കളി നിർത്തുമ്പോൾ ആറ് വിക്കറ്റിന് 121 റൺസെന്ന നിലയിലാണ് കേരളം. നേരത്തെ ഹൈദരാബാദ് 83 റൺസിന് ഓൾ ഔട്ടായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ ഒരു ഘട്ടത്തിലും നിലയുറപ്പിക്കാൻ കേരള ബൌളർമാർ അനുവദിച്ചില്ല. സ്കോർ ബോർഡ് തുറക്കും മുൻപെ തന്നെ അവരുടെ ആദ്യ വിക്കറ്റ് നഷ്ടമായി. തുടർന്നും മുറയ്ക്ക് വിക്കറ്റുകൾ നഷ്ടമായതോടെ ചെറിയ സ്കോറിൽ തന്നെ ഹൈദരാബാദ് ഇന്നിങ്സിന് അവസാനമായി. 25 റൺസെടുത്ത കുശാൽ തിവാരിയാണ് ഹൈദരാബാദിൻ്റെ ടോപ് സ്കോറർ. അഞ്ച് ബാറ്റർമാർ മാത്രമാണ് ഹൈദരാബാദ് നിരയിൽ രണ്ടക്കം കടന്നത്. അഞ്ച് പേർ റണ്ണെടുക്കാതെ പുറത്തായി. കേരളത്തിന് വേണ്ടി നന്ദൻ നാല് വിക്കറ്റും മുഹമ്മദ് റെയ്ഹാനും ദേവഗിരിയും മൂന്ന് വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിൻ്റെ തുടക്കവും തകർച്ചയോടെയായിരുന്നു. മുൻനിര തകർന്നടിഞ്ഞപ്പോൾ ഏഴാമനായി ബാറ്റ് ചെയ്യാനെത്തിയ ഇഷാന്‍ കുനാലിൻ്റെ പ്രകടനമാണ് കേരളത്തെ കരകയറ്റിയത്. കളി നിർത്തുമ്പോൾ 70 പന്തിൽ നിന്ന് 63 റൺസുമായി ഇഷാന്‍ പുറത്താകാതെ നില്ക്കുകയാണ്. 45 പന്ത് നേരിട്ട് അഞ്ച് റൺസുമായി പുറത്താകാതെ നില്ക്കുന്ന അബ്ഗുൾ ബാസിദ് എഹ്സാന് മികച്ച പിന്തുണയായി. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 59 റൺസ് കൂട്ടിച്ചേർത്തു കഴിഞ്ഞു