‘പെരുമഴയില്‍ നനഞ്ഞ് പുതു വെയിലില്‍ മുളച്ച്’ നാട്ടു പയമ പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തില്‍ ചിരിയുടെ മാലപ്പടക്കം.

കരിവെള്ളൂര്‍ : പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം യുവതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരന്‍ ബാലചന്ദ്രന്‍ എരവിലിന്റെ ‘പെരുമഴയില്‍ നനഞ്ഞ് പുതു വെയിലില്‍ മുളച്ച്’ എന്ന പുസ്തകത്തെ ക്കുറിച്ച് സംവാദം സംഘടിപ്പിച്ചു. രചനാനുഭവങ്ങള്‍ സദസ്സിനോട് പങ്കു വെക്കുന്നക്കുന്നതിനിടയില്‍ കഥാകൃത്ത് നാട്ടു പയമകളുടെ മടിശ്ശീല കെട്ട് അഴിക്കുകയായിരുന്നു.

പണിയിടങ്ങളില്‍ കുമ്പയും കല്യാണിയും പാറ്റയും തമ്മിലുള്ള സംഭാഷണങ്ങള്‍ ഒറ്റയാള്‍ നാടകം പോലെ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു. നാട്ടുകൂട്ടായ്മ സ്‌നേഹത്തിന്റെ ആലിപ്പഴം വര്‍ഷിക്കുന്ന കല്യാണത്തലേന്നും വീട്ടു കൂടലും തുടങ്ങി ജീവിതഗന്ധിയായ എല്ലാ നന്മകളും മുത്തശ്ശിക്കഥ പോലെ സദസ്സിന് മുന്നില്‍ തുറന്നു വെച്ചു. കണ്ടത്തിലെ കൊയ്ത്തിനിടയില്‍ പേറ്റുനോവ് തോന്നിയ നാരാണി കറ്റകള്‍ തലയിലേന്തി വീട്ടിലേക്ക് ഓടിയതും ചായ്പ്പില്‍ കറ്റയിട്ടതും മറ്റേ ചായ്പില്‍ കുഞ്ഞിനെ പ്രസവിച്ചതും ഗര്‍ഭിണിയായ ദിവസം തൊട്ട് ആശുപത്രിവാസം തുടങ്ങുന്ന പുതിയ തലമുറയ്ക്ക് അവിശ്വസനീയമായ അനുഭവങ്ങളായി.

യുവ കഥാകൃത്ത് അനീഷ് തിമിരി പുസ്തക പരിചയം നടത്തി. വടക്കുമ്പാട് ചന്ദ്രന്റെയും പടിഞ്ഞാറ്റയില്‍ ഗീതയുടെയും വീട്ടുമുറ്റത്ത് ഒരുക്കിയ സ്‌നേഹ സന്ധ്യയില്‍ അനിത കെ അധ്യക്ഷയായി. യുവകവി മനോജ് ഏച്ചിക്കൊവ്വല്‍, പി ഗീത , ടി.വി. ഗിരിജ ടീച്ചര്‍, കെ.സി. മാധവന്‍, ശശിധരന്‍ ആലപ്പടമ്പന്‍ , ഗോപി പി, കൊടക്കാട് നാരായണന്‍, കെ.പി. രമേശന്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *