പാലക്കുന്ന് : വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം-പാലക്കുന്ന് യൂണിറ്റ് കുടുംബസംഗമം നടത്തി. നൂമ്പില്‍ പുഴയോരത്തെ സ്വകാര്യ വ്യക്തിയുടെ വിശാലമായ പറമ്പില്‍ രാവിലെ മുതല്‍ സന്ധ്യവരെ നീണ്ട കുടുംബസംഗമം യൂണിറ്റ് പ്രസിഡന്റ് എം.എസ്. ജംഷീദ് ഉദ്ഘാടനം ചെയ്തു. മുന്‍ പ്രസിഡന്റ് ഗംഗാധരന്‍ പള്ളം അധ്യക്ഷനായി. സെക്രട്ടറി ചന്ദ്രന്‍ കരിപ്പോടി, വൈസ് പ്രസിഡന്റ് മുരളി പള്ളം, ട്രഷറര്‍ അരവിന്ദന്‍ മുതലാസ്, യൂത്ത് വിംഗ് സെക്രട്ടറി ബാദുഷ, വനിത വിംഗ് പ്രസിഡന്റ് റീത്ത പദ്മരാജ്, സെക്രട്ടറി സുഷമ മോഹന്‍, ജില്ലാ യൂത്ത് വിംഗ് വൈസ് പ്രസിഡന്റ് സമീര്‍സൈന്‍,
എന്നിവര്‍ പ്രസംഗിച്ചു.
വനിതാ വിംഗിന്റെ നേതൃത്വത്തില്‍ നടത്തിയ പാചക മത്സരത്തില്‍ ഇരുപതോളം വീട്ടമ്മമാര്‍ വൈവിധ്യ രുചിക്കൂട്ടില്‍ അമ്പതോളം വിഭവങ്ങളാണ് പാകം ചെയ്ത് വേദിയിലെത്തിച്ചത്. നക്ഷത്ര ഹോട്ടലുകളിലെ ഷെഫുമാരായിരുന്നു ജഡ്ജിമാര്‍. സുമംഗല ചന്ദ്രന്‍, അബ്ഷിരി സമീര്‍, ഇലോഫര്‍ ജംഷീദ് എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ സമ്മാനങ്ങള്‍ നേടി.
കുടുംബാംഗങ്ങള്‍ പങ്കെടുത്ത വിവിധ വിനോദ വിജ്ഞാന കലാ മത്സരങ്ങളും ഗാനമേളയും കുടുംബംസംഗമത്തിന് മാറ്റു കൂട്ടി.