ജാമ്യത്തിലിറങ്ങി മുങ്ങി; കൊലക്കേസ് പ്രതിയെ അഞ്ച് വര്‍ഷത്തിന് ശേഷം പിടികൂടി

കൊച്ചി: കൊലക്കേസ് പ്രതി ജാമ്യത്തിലിറങ്ങി മുങ്ങി. മുങ്ങിയ പ്രതി പൊങ്ങിയതോ അഞ്ച് വര്‍ഷത്തിന് ശേഷം. ഇതര സംസ്ഥാന തൊഴിലാളിയായ സഹിന്‍ അക്തര്‍ മൊല്ലയാണ് പ്രതി. ബംഗാളിലെത്തി ഫോര്‍ട്ട് കൊച്ചി പൊലീസാണ് പ്രതിയെ പിടികൂടിയത്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയായ മണിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സഹിന്‍.

മട്ടാഞ്ചേരി എസിപി പി ബി കിരണിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ബംഗാള്‍- ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള പത്മ നദിയിലേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ബൈക്കിലെത്തി ഇടിച്ച് വീഴ്ത്തി പിടികൂടിയത്. എഎസ്‌ഐ ഓസ്റ്റിന്‍ റോക്കി, സീനിയര്‍ സിപിഒ കെ സി മഹേഷ്, എന്‍എസ്ജി കമാന്‍ഡോ പരിശീലനം പൂര്‍ത്തിയാക്കിയ സീനിയര്‍ സിപിഒ സജിത്ത് സുധാകരന്‍ എന്നിവരാണ് ജാലങ്കിയിലെത്തി പ്രതിയെ പിടികൂടിയത്.

2019 മാര്‍ച്ചിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മട്ടാഞ്ചേരിയില്‍ മറ്റു തൊഴിലാളികള്‍ക്ക് ഒപ്പം വാടക വീട്ടില്‍ താമസിച്ചിരുന്ന മണിയെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ച് ചികിത്സയിലിരിക്കെ ഇയാള്‍ മരിച്ചു. മണിക്ക് വൈദ്യുതി ആഘാതം ഉണ്ടായെന്നായിരുന്നു സഹിന്‍ അന്ന് സഹവാസികളോട് പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്.

എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മണിക്ക് മര്‍ദനമേറ്റതായും നട്ടെല്ലില്‍ ഉള്‍പ്പടെ പരിക്ക് സംഭവിച്ചതായും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സഹിനും മണിയും തമ്മില്‍ തര്‍ക്കം ഉണ്ടായെന്നും ഇതിന് പിന്നാലെ സഹിന്‍ മണിയെ ക്രൂരമായി മര്‍ദ്ദിച്ചെന്നും കണ്ടെത്തി. പിന്നാലെ സഹിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് റിമാന്‍ഡ് കാലാവധി കഴിഞ്ഞ് ഇയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *