നെല്‍ കൃഷിയുടെ വിസ്തൃതി ചുരുങ്ങി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് തരിശു രഹിത പഞ്ചായത്താക്കി
മാറ്റുന്നതിന് ഗ്രാമപഞ്ചായത്ത് ഭരണസമിതി മുന്‍കൈയെടുക്കണമെന്ന് ജീവനം വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. കാര്‍ഷിക വിഭവങ്ങളുടെ ദൗര്‍ലഭ്യത്തിനു പുറമെ നെല്‍വയലുകള്‍ ഇല്ലാതാകുന്നതോടെ സമ്പന്നമായ ജൈവവൈവിധ്യവും നശിക്കുന്നു. പ്രദേശത്തെ ജലവിതാനം താഴ്ന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ജലസംരക്ഷണ കേന്ദ്രം കൂടിയായ നെല്‍വയലുകളുടെ വീണ്ടെടുപ്പ് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാധ്യമാക്കണം. പഞ്ചായത്തിനകത്തെ സാധ്യമായ മുഴുവന്‍ വീടുകളും മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിണറുകള്‍ റീചാര്‍ജ് ചെയ്യുക, പഞ്ചായത്തിനകത്തെ കാവുകള്‍ സംരക്ഷിക്കുക, എന്നിവയും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കുറ്റിക്കോല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീവനം ജൈവ വൈവിധ്യ സമിതിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ജില്ലാ ആസൂത്രണസമിതി അംഗം അഡ്വ. സി. രാമ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി.വി. ശശി അധ്യക്ഷത വഹിച്ചു. ജൈവ വൈവിധ്യ മേഖലയിലെ സംഭാവനകള്‍ കണക്കിലെടുത്ത് പരിസ്ഥിതി പ്രവര്‍ത്തകനും പരിശീലകനും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ കെ.എം.അനൂപിന് പ്രഥമ ജീവനം പുരസ്‌ക്കാരവും പ്രശസ്തിപത്രവും കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം കൈമാറി.
നിരാശ്രയകുടുംബത്തിന് വീട് വെയ്ക്കാന്‍ സൗജന്യമായി സ്ഥലം നല്‍കിയ സുനിത ഇ കരിച്ചേരി, ജില്ലാതല കഥാ രചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ വി.കെ.ദേവാഞ്ജന എന്നിവര്‍ക്ക് ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി. മാധവന്‍,അശ്വതി അജികുമാര്‍ എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.
പതിനഞ്ചംഗ ഭരണസമിതി അംഗങ്ങളെയും യോഗം തെരഞ്ഞെടുത്തു. തമ്പാന്‍ കെ മീയ്യങ്ങാനം റിപ്പോര്‍ട്ടും എ.ഗോപാലകൃഷ്ണന്‍ നായര്‍ വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. സുഭാഷ് വനശ്രീ നന്ദി പറഞ്ഞു.
ഭാരവാഹികള്‍
തമ്പാന്‍ കെ മീയ്യങ്ങാനം (സെക്രട്ടറി), പി.വി.ശശി (പ്രസിഡന്റ്) സുനിത ഇ കരിച്ചേരി, കെ.ടി.സുകുമാരന്‍(ജോ.സെക്ര.) എന്‍.അശോക് കുമാര്‍, എ.ഗോപാലകൃഷ്ണന്‍ നായര്‍ (വൈസ്.പ്രസി.) എം.ദാമോദരന്‍ (ട്രഷറര്‍)