വെള്ളിക്കോത്ത്: കഴിഞ്ഞ കോവിഡ് കാലത്ത് തന്റെ മാതാവിനെയും സഹോദരങ്ങളേയും ചേര്‍ത്തുപിടിച്ച് ജീവിതത്തിലേക്ക് കടന്നുവന്ന കാശിഷ് മുകേഷ് എന്ന ഉത്തരേന്ത്യക്കാരിയായ, എന്നാല്‍ ഇപ്പോള്‍, ജനാധിപത്യത്തിന്റെ ശ്രീകോവിലായ ഇന്ത്യന്‍ പാര്‍ലമെന്റില്‍ കേരളത്തിന്റെ ശബ്ദമുയര്‍ത്തി കേരളക്കാരിയായ അജാനൂരിന്റെ ഈ പെണ്‍കരുത്ത്‌കേരളോത്സവ നാടക മത്സരത്തില്‍ മാറ്റുരച്ച് തന്റെ അഭിനയ പ്രതിഭ തെളിയിച്ചിരിക്കുകയാണ്. നാടക മത്സരത്തില്‍ രണ്ടാം സ്ഥാനമേ തന്റെ ടീമായ നെഹ്‌റു ബാലവേദി ആന്‍ഡ് സര്‍വേദിയുടെ നൂലുകൊണ്ട് മുറിവേറ്റവര്‍ എന്ന നാടകത്തിന് ലഭിച്ചുള്ളൂ എങ്കിലും മികവാര്‍ന്ന അഭിനയമാണ് കാശിഷ് മുകേഷ് കാഴ്ചവെച്ചത്.
ആന്ധ്രയിലെ കര്‍ഷകന്റെ യഥാര്‍ത്ഥ ജീവിത കഥ പറയുന്നതാണ് നൂലുകണ്ട് മുറിവേറ്റവര്‍ എന്ന ഏകാങ്ക നാടകം. കോര്‍പ്പറേറ്റ് ഭീമന്മാരുടെ ഇങ്കി തത്തിന് വഴങ്ങി തന്റെ നെല്‍കൃഷിയില്‍ നിന്നും പരുത്തികൃഷി യിലേക്ക് തിരിയുന്ന കര്‍ഷകന്‍ നില്‍ക്കക്കള്ളിയില്ലാതെ ആത്മാഹുതി ചെയ്യുന്നതാണ് നാടകത്തിന്റെ ഇതിവൃത്തം. ഉത്തരേന്ത്യന്‍ കര്‍ഷകന്റെ കഥയിലൂടെ കോര്‍പ്പറേറ്റ് ഭീമന്മാര്‍ എങ്ങനെയാണ് പാവപ്പെട്ട കര്‍ഷകനെയും ഇവിടത്തെ കൃഷിയെയും നശിപ്പിച്ച് ആഗോള ഭീമന്മാരുടെ കുത്തക സ്ഥാപിക്കുന്നു എന്നും കര്‍ഷകരെ മരണത്തിലേക്ക് തള്ളിവിടുന്നു എന്നും ഈ നാടകം നമ്മോട് വിളിച്ചു പറയുന്നു. കോട്ടപ്പാറ സനാതന കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയായ കാശിഷ് മുകേഷ് തന്മയത്വമാര്‍ന്ന മലയാള സംഭാഷണത്തിലൂടെ ഈ നാടകത്തില്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ആന്ധ്രയിലെ കര്‍ഷകന്റെ യഥാര്‍ത്ഥ ജീവിതകഥ ആസ്പദമാക്കി ഇ.വി. ഹരിദാസ് രചിച്ച ഈ നാടകം സംവിധാനം ചെയ്തിരിക്കുന്നത് ചന്ദ്രന്‍ കരുവാക്കോടാണ് കാശിഷ് മുകേഷിനെ കൂടാതെ വിനീഷ് ബാബു, കൃഷ്ണപ്രസാദ് വി.വി, ഹരിഗോവിന്ദ്, ഗായത്രി ഗോപാല്‍, കൃഷ്ണപ്രസാദ് ബി.കെ, സുകേഷ്, പ്രജിത്ത്. ബി കെ, അര്‍ജുന്‍ കെ. വി, അര്‍ജുന്‍ പി എന്നിവരും അരങ്ങിലെത്തി.
ഉത്തരേന്ത്യക്കാരായ ഇവരുടെ പിതാവിന്റെ അസുഖം മൂലം ജീവിത പ്രതിസന്ധിയില്‍പ്പെട്ട് ഉഴലുമ്പോഴും തന്റെ ആറ് സഹോദരങ്ങളേയും ചേര്‍ത്ത് പിടിച്ച് അമ്മ പൂജയോടൊപ്പം വെള്ളിക്കോത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ ഇപ്പോള്‍ കേരളത്തിന്റെ മകളായി കഴിയുകയാണ് ഇവര്‍. എന്തുവന്നാലും കേരളം വിട്ട് പോവില്ല എന്നതാണ് ഇവരുടെ ദൃഢപ്രതിജ്ഞ. മകളുടെ ദൃഢ നിശ്ചയത്തിനും മുന്നോട്ടുള്ള ജീവിത പ്രയാണത്തിനും കൂട്ടായി അമ്മ പൂജ നിഴലായി കൂടെ തന്നെയുണ്ട് എന്നത് കാശിഷിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. കേരളോത്സവത്തില്‍ ഹിന്ദി പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം കൂടി നേടിയിട്ടുണ്ട് ഈ കൊച്ചു മിടുക്കി. ഇങ്ങനെയുള്ള വിജയങ്ങള്‍ നേടുമ്പോഴും തന്റെ സഹോദരങ്ങളെയും അമ്മയെയും ചേര്‍ത്ത് പിടിച്ച് അന്തിയുറങ്ങാന്‍ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള ശ്രമത്തിന് സമൂഹ മനസാക്ഷി ഉണരേണ്ടത് ജന പ്രതിനിധികളുടെയും സന്നദ്ധ സംഘടനകളുടെയും കേരള ജനതയുടെയും ഒരു ബാധ്യതകൂടി യാണ്.