കൈത്തറിയുടെ മനോഹാരിതയുമായി സ്പെഷ്യല്‍ ഹാന്‍ഡ്ലൂം എക്സ്പോ ഡിസംബര്‍ 15 വരെ

കൊച്ചി: രാജ്യത്തിന്റെ വിവിധ കോണിലുള്ള നെയ്ത്തുകാര്‍ തുന്നിയെടുത്ത മനോഹരമായ വസ്ത്രങ്ങളുടെ കമനീയ ശേഖരം കൊണ്ട് ശ്രദ്ധേയമാവുകയാണ് സ്പെഷ്യല്‍ ഹാന്‍ഡ്ലൂം എക്സ്പോ. ലിസി ജംഗ്ഷനിലെ റെന ഇവന്റ് ഹബ്ബില്‍ തിങ്കളാഴ്ച്ച ആരംഭിച്ച പ്രദര്‍ശന മേള സിനിമാ താരം അഞ്ജലി നായര്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രാലയം, ഹാന്‍ഡ്ലൂം ഡെവലപ്‌മെന്റ് കമ്മീഷണര്‍ എന്നിവരുടെ സഹകരണത്തോടെ നാഷണല്‍ ഡിസൈന്‍ സെന്റര്‍ (എന്‍ഡിസി) സംഘടിപ്പിക്കുന്നതാണ് മേള. വിവിധതരം സാരികളുടെ വലിയ ശേഖരമാണ് മേളയുടെ പ്രധാന ആകര്‍ഷണം. മധ്യപ്രദേശില്‍ നിന്നുള്ള ചന്ദേരി, ഒഡിഷയില്‍ നിന്നുള്ള ഇക്കത്ത്, ബംഗാളില്‍ നിന്നുള്ള ജംദാനി, കാശ്മീരില്‍ നിന്നുള്ള പഷ്മിന ഷാളുകള്‍ എന്നിവ മേളയെ ശ്രദ്ധേയമാക്കുന്നു. ചേന്ദമംഗലം, ബാലരാമപുരം കൈത്തറി സംഘങ്ങളുടെ മനോഹര വസ്ത്രങ്ങളും ഇവിടെ ലഭ്യമാണ്.
ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന എക്സ്പോ ഈ മാസം 15 ന് അവസാനിക്കും. രാവിലെ 11:00 മുതല്‍ രാത്രി 8:00 വരെയാണ് സമയം. ഇന്ത്യയിലുടനീളമുള്ള കൈത്തറി നെയ്ത്തുകാര്‍,സ്വയം സഹായ സംഘങ്ങള്‍, കോര്‍പ്പറേറ്റീവ് സൊസൈറ്റികള്‍ എന്നിവരുടെ 70 സ്റ്റാളുകളാണ് എക്സ്പോയിലുള്ളത്. 50-ലധികം വ്യത്യസ്ത നെയ്ത്തുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം, അതുല്യമായ കൈത്തറി പൈതൃകത്തെ അടുത്തറിയാനും എക്സ്പോ അവസരമൊരുക്കുന്നു.
സാരികള്‍ക്ക് പുറമെ, ഷാളുകള്‍, ഹോം ഫര്‍ണിഷിംഗ് സാധനങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളും പ്രദര്‍ശന മേളയില്‍ ലഭ്യമാണ്. പരമ്പരാഗത ഇന്ത്യന്‍ കൈത്തറി വസ്ത്ര വിപണനം പ്രോത്സാഹിപ്പിക്കുക, ഹാന്‍ഡ്ലൂം വ്യവസായത്തിന് ദേശീയവും ആഗോളവുമായ വിപണി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യത്തോടെയാണ് എക്സ്പോ സംഘടിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *